ളാക്കാട്ടൂരിൽ കാറിന് മുകളിൽ മരം വീണു ; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.


ളാക്കാട്ടൂർ : ളാക്കാട്ടൂർ ആലിപ്പുഴയിൽ കാറിന് മുകളിൽ മരം വീണു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലിപ്പുഴ മധുമല ഷാജിയുടെ മകൻ ജിതിനും ഭാര്യ ആര്യയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കൂരോപ്പട - ഒറവയ്ക്കൽ റോഡിൽ ആലിപ്പുഴയിൽ  ഇന്നലെ (ചൊവ്വ) രാത്രി 7.45 ന് ഇവർ സഞ്ചരിച്ച കാറിന് മുകളിലേക്ക് റബ്ബർ മരവും പനയും വീഴുകയായിരുന്നു. ഇരുവരും കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വൈദ്യൂതി ലൈനും പൊട്ടിവീണതോടെ ഡോർ തുറന്ന് ഇറങ്ങാനും കഴിഞ്ഞില്ല. ഓടിക്കൂടിയ നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതോടെ ഫയർഫോഴ്സ് സംഘം എത്തി റബ്ബർ മരവും പനയും മുറിച്ച് മാറ്റി ജിതിനെയും ആര്യയെയും സുരക്ഷിതമായി പുറത്തിറക്കുക യായിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആര്യ ആലിപ്പുഴയിൽ സ്വകാര്യ ബസിൽ വന്നിറങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പിൽ കാത്ത് നിന്നിരുന്ന ഭർത്താവ് ജിതിൻ ആര്യയെ കാറിൽ കയറ്റി സമീപത്ത് തന്നെയുള്ള വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്.  മരങ്ങൾ വീണ് കാറിന്റെ പിൻഭാഗം മുഴുവൻ തകർന്നു.  
أحدث أقدم