കുഴൽപ്പണ മാഫിയ തട്ടിക്കൊണ്ടു പോയ കോഴിക്കോട് സ്വദേശിയെ കളമശേരി പൊലീസ് മോചിപ്പിച്ചു



കളമശേരി: കുഴൽപ്പണ മാഫിയ തട്ടിക്കൊണ്ടു പോയ കോഴിക്കോട് സ്വദേശിയെ കളമശേരി പൊലീസ് മോചിപ്പിച്ചു. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, പേരാമ്പ്ര സ്വദേശി പെരിഞ്ചേരി വീട്ടിൽ ഹാഷിർ (21) ആണ് പൊലീസ് പിടിയിലായത്.

ഓൺലൈൻ ബാങ്ക് ട്രാൻസാക്ഷനിലൂടെ നൽകിയ 5 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിന്‍റെ പേരിൽ, കാറിലെത്തിയ അഞ്ചംഗ സംഘം കളമശേരി കുസാറ്റ് സമീപത്തെ തമീം അപ്പാർട്മെന്‍റിൽ നിന്ന് കോഴിക്കോട് സ്വദേശി മേപ്പയ്യൂർ റോഡിൽ കീഴ്പയ്യൂർ, ഇടയിലാട്ട് വീട്ടിൽ സൗരവിനെ (22) തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് വിവിധയിടങ്ങളിൽ പാർപ്പിച്ചു 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും നിരന്തരം വധഭീഷണി മുഴക്കി രണ്ടു ദിവസമായി തടവിൽ പാർപ്പിച്ചു വരികയായിരുന്ന സൗരവിനെ കളമശേരി പൊലീസ് മോചിപ്പിക്കുകയായിരുന്നു.

മോചനദ്രവ്യമായി കൈപ്പറ്റിയ 3,60,000 രൂപയുമായി പ്രതിയെ കളമശേരി പൊലീസ് മേപ്പയ്യൂരിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴിക്കോട് ജില്ലാ റൂറൽ പൊലീസിന്‍റെ സഹായത്തോടെ കളമശേരി പൊലീസ് സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ചാക്കോ, എസ് ഐ ഷമീർ, എ എസ് ഐ ബിനു, സിപിഒ മാരായ മാഹിൻ അബൂബക്കർ, അരുൺ സുരേന്ദ്രൻ, ലിബിൻ കുമാർ എന്നിവർ നടത്തിയ വിശദമായ അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പ്, കുഴൽപ്പണ മാഫിയ ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ എന്ന് കൃത്യമായ വിവരം ലഭിച്ചു. ഇതേക്കുറിച്ചു കൂടുതൽ വിശദമായ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم