പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശ, യാത്രയയപ്പ് പോലും തന്നില്ല...പൊട്ടിത്തെറിച്ച് കെ സുധാകരന്‍





കണ്ണൂർ : കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശയുണ്ടെന്ന് കെ സുധാകരന്‍.തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍ ഉണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.സംസ്ഥാനത്ത് സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എഐസിസി നേതൃത്വത്തെ അറിയിച്ചു. ഡല്‍ഹിയിലെ യോഗത്തില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല എന്ന് കരുതിയതുകൊണ്ടാണ് പോകാതിരുന്നതെന്നും കെ സുധാകരന്‍ തുറന്നടിച്ചു.

സ്ഥാനം ഒഴിഞ്ഞപ്പോള്‍ യാത്രയയപ്പ് ഒന്നും കിട്ടിയില്ല. എന്തു യാത്രയയപ്പ് ആണ് കിട്ടിയത്? യാത്രയയപ്പ് നമ്മള്‍ വാങ്ങിയിട്ടുമില്ലല്ലോ. പലരും പുതിയ സ്ഥാനമാനങ്ങള്‍ നോക്കി ഓടുന്ന സമയമായിരുന്നു. അതുകൊണ്ട് അങ്ങനെ ഒരു ആഘോഷം ഒന്നും ഉണ്ടായില്ല. യാത്രയയപ്പില്‍ എനിക്ക് താത്പര്യവുമില്ല. അത് വലിയൊരു ആഘോഷമാക്കി മാറ്റുന്നതിന് പകരം ലളിതമായ ചടങ്ങാണ് എനിക്ക് ഇഷ്ടം. പദവിയില്‍ നിന്ന് മാറ്റുന്നതിന് മുന്‍പ് നേതൃത്വവുമായി ഞാന്‍ ചര്‍ച്ച നടത്തുമ്പോള്‍ മാറ്റുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്തെങ്കിലും തരത്തില്‍ നിങ്ങളെ മാറ്റേണ്ടി വരും എന്നുപോലും രാഹുല്‍ ഗാന്ധിയോ ഖാര്‍ഗെയോ പറഞ്ഞിട്ടില്ല എന്നും കെ സുധാകരന്‍ പറഞ്ഞു.

തന്നെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടന്നിരുന്നു എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും കെ സുധാകരന്‍ തുറന്നടിച്ചു. എനിക്ക് കിട്ടുന്ന ചില വിവരങ്ങള്‍ അങ്ങനെയാണ്. എന്നാല്‍ അതൊരു വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വാര്‍ഥ താത്പര്യമുള്ള ചില നേതാക്കളാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് വിശ്വസിക്കുന്നു. വ്യക്തിപരമായ ചില ലക്ഷ്യങ്ങളുള്ളവരുടെ നീക്കമാണിത്. നിരാശ മറച്ചുവെക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
أحدث أقدم