
വിഷമേറ്റ കാട്ടാനയുടെ ജഡം ഭക്ഷിച്ച നൂറിലേറെ കഴുകന്മാര്‍ ചത്തൊടുങ്ങി. ദക്ഷിണാഫ്രിക്കയുടെ വടക്കന്‍പ്രദേശത്തായി സ്ഥിതിചെയ്യുന്ന ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. 123 കഴുകന്മാരാണ് ജഡം ഭക്ഷിച്ച് ചത്തതെന്നും 83 കഴുകന്മാരെ വിദഗ്ധ ചികിത്സയ്ക്കായി പ്രദേശത്തുനിന്ന് നീക്കം ചെയ്തെന്നും അധികൃതര്‍ അറിയിച്ചു. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനി ഉപയോഗിച്ച് വേട്ടക്കാരാണ് കാട്ടാനയെ കൊന്നതെന്നാണ് നിഗമനം. കഴുകന്മാരെയോ സിംഹങ്ങളെയോ ലക്ഷ്യം വെച്ചാണ് ഇത്തരത്തില്‍ വേട്ടക്കാര്‍ കാട്ടാനയില്‍ വിഷം കുത്തിവെയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത മരുന്ന് നിര്‍മാണത്തിനായി സാധാരണയായി കഴുകന്മാരുടെയും സിംഹങ്ങളുടെയും ശരീരഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്.
കഴുകന്മാരുടെ ഉപജാതികളായ വൈറ്റ്-ബാക്ക്ഡ് കഴുകന്മാര്‍, കേപ് കഴുകന്മാര്‍, ലാപെറ്റ്-ഫേസ്ഡ് കഴുകന്മാര്‍ എന്നിവയാണ് വിഷമേറ്റ ജഡം ഭക്ഷിച്ച് ചത്തൊടുങ്ങിയത്. ഇവ എല്ലാംതന്നെ വംശനാശഭീഷണി നേരിടുന്നതോ ഗുരുതരവംശനാശഭീഷണി നേരിടുന്നതോ ആയ ഇനങ്ങളാണ്.
2019-ല്‍ സമാനമായ സംഭവം ബോട്‌സ്വാനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് വേട്ടക്കാര്‍ വിഷംവെച്ച് കൊന്ന കാട്ടാനകളുടെ ജഡം ഭക്ഷിച്ച് 500-ഓളം കഴുകന്മാരാണ് ചത്തൊടുങ്ങിയത്. ഇവയില്‍ ഏറിയ പങ്കും വംശനാശഭീഷണി നേരിടുന്ന വിഭാഗമായിരുന്നു. മറ്റ് വന്യജീവികള്‍ ഭക്ഷിച്ച് ബാക്കിയാവുന്ന മാംസം ഭക്ഷിച്ച് പരിസരം ശുചീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് കഴുകന്മാര്‍.