തൃശൂർ പൂരത്തിലാറാടി പൂരപ്രേമികൾ; വർണവിസ്മയം തീർത്ത് കുടമാറ്റം


        

തൃശൂരിൽ വടക്കുന്നാഥന് മുന്നില്‍ ചേലോടെ വിടര്‍ന്ന് വര്‍ണവിസ്മയം തീർത്ത് വർണകുടകള്‍. പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റം തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ചു. അഞ്ചരയോടെ തെക്കേ ഗോപുരനടയിലാണ് കുടമാറ്റത്തിന് അരങ്ങൊരുങ്ങിയത്. പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും കുടമാറ്റം തുടരുകയാണ്.

കണിമംഗലം ശാസ്താവ് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയതോടെയാണ് പൂരം തുടങ്ങിയത്. പിന്നാലെ മറ്റ് ഘടകദൈവങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തി. തിരുവമ്പാടി ഭഗവതി കൃത്യസമയത്തുതന്നെ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടിരുന്നു. മഠത്തിലെ പൂജകള്‍ക്കുശേഷം പുറത്തിറങ്ങിയ ഭഗവതിക്കുമുന്നില്‍ മഠത്തില്‍വരവ് പഞ്ചവാദ്യം കൊട്ടിക്കയറി.

ഉച്ചയോടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. ഇതിനുപിന്നാലെ ഇലഞ്ഞിത്തറമേളം നടന്നു. ശേഷം വൈകുന്നേരം അഞ്ചരയോടെയാണ് തേക്കിന്‍കാട് മൈതാനിയില്‍ കുടമാറ്റം തുടങ്ങിയത്. കുടമാറ്റം കഴിയുമ്പോഴേക്കും രാത്രിപ്പൂരത്തിന്റെ സുന്ദരകാഴ്ചകള്‍ പിറക്കും. രാത്രി 11 മണിക്ക് പാറമേക്കാവിന്റെ പഞ്ചവാദ്യവുമുണ്ടാകും.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട് നടക്കുക. നാളെ പകല്‍പ്പൂരവും പിന്നിട്ട്, ഉച്ചയോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം പിരിയുക.
Previous Post Next Post