ബംഗളൂരു: മെട്രൊ ട്രെയിനിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ രഹസ‍്യമായി ചിത്രീകരിച്ച് സമൂഹ മാധ‍്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും അവ വിൽപ്പന നടത്തുകയും ചെയ്തിരുന്നയാൾ അറസ്റ്റിൽ.
ഹാവേരി സ്വദേശി ദിഗന്ത് ആണ് അറസ്റ്റിലായത്. ബംഗളൂരു പീനയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'മെട്രൊ ചിക്സ്' എന്ന പേജിലായിരുന്നു സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചിട്ടുള്ള വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നത്.
അടിയന്തിരമായി നടപടി വേണമെന്ന് ആവശ‍്യപ്പെട്ട് എക്സിലൂടെ ഇന്‍റസ്റ്റഗ്രാം പേജ് ബംഗളൂരു പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഒരു യുാവാവ് പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
സമൂഹ മാധ‍്യമങ്ങളിൽ വിവാദമായതിനെ തുടർന്ന് പേജ് പൊലീസ് ബ്ലോക്ക് ചെയ്യ്തിരുന്നു. പേജ് ബ്ലോക്ക് ചെയ്തതിനു പുറമെ പേജിലുണ്ടായിരുന്ന ചിത്രങ്ങളും വിഡിയോകളും പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. വിഡിയോകൾ വിൽക്കാൻ ശ്രമിച്ചിരുന്ന ടെലിഗ്രാം ചാനലും പൂട്ടിയ നിലയിലാണ്.