
കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ അടുത്തുള്ള സ്റ്റേഷനാണ് ചിറക്കൽ. വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഈ സ്റ്റേഷനുകളിലും നിർത്തിയിരുന്നത്. രണ്ട് സ്റ്റേഷനുകളിലെയും ജീവനക്കാരെ റെയിൽവേ മാറ്റി നിയമിക്കും.