കേരളത്തിലേക്ക് വരുന്നത് മഴയുടെ പൊടിപൂരം; അതും വളരെ നേരത്തേ; കാലവർഷത്തെ കുറിച്ച് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ...





തിരുവനന്തപുരം : കാലവർഷം ഇക്കുറി നേരത്തേ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണയെക്കാൾ ഒമ്പത് ദിവസം മുന്നേ ആൻഡമാൻ കടലിൽ കാലവർഷം എത്തിയിരിക്കുകയാണ്. കാലവർഷം ആൻഡമാനിൽ നിന്നും കേരളത്തിലേക്കെത്താൻ സാധാരണ പത്തു ദിവസമെടുക്കും. എന്നാൽ, അതിനും മുന്നേ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

‌സാധാരണ ഗതിയിൽ കാലവർഷം ആൻഡമാനിൽ എത്തേണ്ടത് മെയ് 22 നാണ്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. എപ്പോൾ വേണമെങ്കിലും കാലവർഷം കേരളത്തിലെത്താമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഈ വർഷത്തെ മൺസൂണിൽ സാധാരണയോ അതിലധികമോ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസ കാലയളവിൽ ശരാശരിയായ 868.6 മില്ലിമീറ്ററിൽ കൂടുതൽ മഴ ഇത്തവണ ലഭിക്കാനാണ് സാധ്യതെയെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നത്. 2025 ലെ മൺസൂൺ സീസണിൽ (ജൂൺ മുതൽ സെപ്റ്റംബർ വരെ) സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഐ എം ഡി വിവരിച്ചു. ദീർഘകാല ശരാശരിയുടെ 104ശതമാനത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും. 2024 ൽ,മൺസൂൺ സീസണിൽ ദീർഘകാല ശരാശരിയുടെ 106ശതമാനം ലഭിച്ചു. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഐ എം ഡി സൂചന നൽകിയിട്ടുണ്ട്.
أحدث أقدم