പാകിസ്താനെതിരെയുള്ള പ്രത്യാക്രമണം ഇന്ത്യ ശക്തമാക്കുന്നതിനിടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്കടുത്ത് ഉഗ്ര സ്‌ഫോടനം. ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്ക് 20 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. പാക് പ്രധാനമന്ത്രിയെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പാക് അധീനതയിലുള്ള കശ്മീരിലെ മുസാഫറാബാദില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും കറാച്ചിലും ഇന്ത്യ തിരിച്ചാക്രമണം നടത്തി. പാക് പഞ്ചാബിലും ഇന്ത്യ തിരിച്ചാക്രമണം നടത്തുകയാണ്.
അതേസമയം അതിര്‍ത്തി കടന്നെത്തിയ ഇന്ത്യയെ ആക്രമിച്ച പൈലറ്റുമാരില്‍ ഒരാളെ സൈന്യം പിടികൂടി. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പാകിസ്താന്‍ എഫ്-16 പൈലറ്റിനെയാണ് പിടികൂടിയത്. അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പൈലറ്റിനെ പിടികൂടിയത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച എഫ് 16 വിമാനത്തില്‍ നിന്ന് പൈലറ്റ് ഇന്ത്യയിലേക്ക് ചാടിയതായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സായുധ സേന ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും, പാകിസ്താന്‍ പൈലറ്റ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലിന് വിധേയനാണെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. അതേ സമയം ജമ്മു, പത്താന്‍കോട്ട്, ഉധംപൂര്‍ സൈനിക കേന്ദ്രങ്ങള്‍ സുരക്ഷിതമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.