ഓഡിറ്റോറിയത്തിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ ഭീമന്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം. ഇന്നലെ രാത്രി ഒന്‍പതോടെ കോഴിക്കോട് മാവൂര്‍ പൈപ്പ് ലൈന്‍ ജംഗ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിലാണ് സംഭവമുണ്ടായത്. കണ്ണിപറമ്പ് സ്വദേശി ഈന്തുംകണ്ടി മേത്തല്‍ രജീഷിന്‍റെ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കാന്‍ എത്തിയതായിരുന്നു രജീഷും കുടുംബവും. പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തി എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പോയി മിനിട്ടുകള്‍ക്കകമാണ് അപകടമുണ്ടായത്. ശക്തമായ മഴയെ തുടര്‍ന്ന് പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്നുള്ള 15 മീറ്ററോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. മതിലിനോടൊപ്പം ഇവിടെയുണ്ടായിരുന്ന കൂറ്റന്‍ കല്ലുകളും കാറിനു മുകളില്‍ പതിച്ചു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.