നിയമം ലംഘിക്കുന്നവരെ നല്ല ഡ്രൈവറാക്കും; പരിശീലനം നൽകാൻ സംസ്ഥാനത്ത് അഞ്ചുകേന്ദ്രങ്ങൾ കൂടി



ഗതാഗത നിയമലംഘനങ്ങളിൽ ഉൾപ്പെട്ടവർക്ക് നല്ല ഡ്രൈവറാകാനുള്ള പരിശീലനം നൽകാൻ സംസ്ഥാനത്ത് അഞ്ചുകേന്ദ്രങ്ങൾ കൂടി. മോട്ടോർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ്‌ റിസർച്ചിന്റെ ഉപകേന്ദ്രങ്ങളാണിവ. എറണാകുളത്ത് കളമശ്ശേരിയിൽ മാത്രമാണ് നിലവിൽ ഉപകേന്ദ്രമുള്ളത്. ‌

ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർക്കായി അഞ്ചുദിവസത്തെ പരിശീലന കോഴ്‌സാണ് നടത്തുന്നത്. 5,000 രൂപയാണ് ഫീസ്. സസ്പെൻഡ് ചെയ്ത കാലാവധി കഴിയുമ്പോൾ ഈ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇവർക്ക് ലൈസൻസ് പുതുക്കിനൽകും. കഴിഞ്ഞവർഷം 1500ൽപ്പരം ആളുകൾക്ക് പരിശീലനം കൊടുത്തിരുന്നു.

ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും വ്യക്തിത്വ വികസനത്തിനുമുള്ള ക്ലാസുകളുണ്ട്. വാഹനങ്ങളുടെ ചെറിയ അറ്റകുറ്റപ്പണിയടക്കമുള്ള സാങ്കേതികവശങ്ങൾ, പ്രഥമശുശ്രൂഷ, അഗ്നിശമനം, റോഡ് നിയമങ്ങൾ, സിഗ്നലുകൾ, അടയാളങ്ങൾ എന്നിവയും പഠിപ്പിക്കും. എടപ്പാളിൽ പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരാണ് പഠിപ്പിക്കുന്നത്.

താത്പര്യപത്രം നൽകിയവരിൽനിന്നു പ്രാഥമിക പരിശോധനയിലാണ് അഞ്ചുകേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്. കൊല്ലം ജില്ലയിൽ രണ്ടെണ്ണമുണ്ട്. കൊല്ലം നഗരത്തിൽ വാഹനാപകടത്തിൽപ്പെടുന്നവർക്ക് സഹായമെത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രാക്കിന്റെ ചുമതലയിലും പത്തനാപുരത്ത് ഗാന്ധിഭവനിലുമാണ് കേന്ദ്രങ്ങൾ. ആലപ്പുഴ, ഒറ്റപ്പാലം, വയനാട് എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങൾ.

നിശ്ചിത അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയശേഷമായിരിക്കും ഇവയുടെ പ്രവർത്തനം ആരംഭിക്കുകയെന്ന് ഐഡിടിആർ ജോയിന്റ് ഡയറക്ടർ കെ.എം. സെയ്ഫുദ്ദീൻ പറഞ്ഞു. എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ തുടങ്ങും. സുരക്ഷിതമായ ഡ്രൈവിങ്‌ പരിശീലിപ്പിക്കുന്നതിലൂടെ റോഡപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2014-ൽ സർക്കാരിന്റെയും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും സാമ്പത്തിക സഹായത്തോടെയാണ് എടപ്പാളിൽ ഐഡിടിആർ സ്ഥാപിച്ചത്. ഇവിടെ ഡ്രൈവർമാർ, ഡ്രൈവിങ്‌ സ്കൂൾ ഇൻസ്ട്രക്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർക്കായി ശാസ്ത്രീയ പരിശീലന പരിപാടികൾ നടത്തുന്നു.
Previous Post Next Post