നിക്ഷേപകരിൽ നിന്നും കോടികൾ തട്ടി; ഫാം ഫെഡിൻറെ ചെയർമാൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ


നിക്ഷേപകരിൽ നിന്നും മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ച കേസിൽ ദി ഫോർത്ത് ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ. കവടിയാർ സ്വദേശിനിയായ നിക്ഷേപകയുടെ പരാതിയിലാണ് പൊലീസ് നടപടി. മാതൃകമ്പനിയായ ഫാം ഫെഡ് കമ്പനിയുടെ ചെയർമാൻ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടർ അഖിൽ ഫ്രാൻസിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഫാം ഫെഡിൻറെ പേരിൽ നടത്തിയ തട്ടിപ്പിൽ ഇവരുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ നാല് ഡയറക്ടർമാരും പ്രതികളാണ്.

ഫാം ഫെഡിൻറെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് കമ്പനി ചെയർമാൻ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടർ അഖിൽ ഫ്രാൻസിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 2008 ൽ ആരംഭിച്ച ഫാം ഫെഡ്, വൻ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് മൂന്നൂറ് കോടിയിലധികം രൂപ തട്ടിച്ചുവെന്നാണ് കേസ്.

പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ആദ്യ രണ്ട് വർഷം വാഗ്ദാനം ചെയ്ത പണം നൽകിയെങ്കിലും പിന്നീട് മുടങ്ങി. ഇതോടെ പരാതിക്കാർ മ്യൂസിയം പൊലീസിനെ സമീപിച്ചു. കേസ് എടുക്കുമെന്ന ഘട്ടം എത്തിയതോടെ രണ്ട് മാസം മുമ്പ് പണം തിരികെ നൽകാമെന്ന് കമ്പനി ഉടമകൾ വാഗ്ദാനം ചെയ്തു. എന്നാൽ ഈ വാക്ക് പാലിക്കാതായതോടെ നിക്ഷേപകർ ഒരാഴ്ച മുമ്പ് വീണ്ടും പൊലീസിനെ സമീപിച്ചു. ഇവരിൽ കവടിയാർ സ്വദേശിനിയായ നിക്ഷേപകയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മറ്റ് മൂന്ന് നിക്ഷേപകരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രാജേഷ് പിള്ളക്കും അഖിൽ ഫ്രാൻസിസിനും പുറമേ, ഡയറക്ടർമാരായ ധന്യ, ഷൈനി, പ്രിൻ‍സി ഫ്രാൻസിസ്, മഹാവിഷ്ണു എന്നിവരും കേസിൽ പ്രതികളാണ്. ചെന്നൈയിലാണ് ഫാം ഫെഡിൻറെ കോർപറേറ്റ് ആസ്ഥാനം. കേരളത്തിൽ 16 ശാഖകളുണ്ട്.

Previous Post Next Post