മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
എല്ലാ സ്‌കൂളുകളിലും ഈ മാസം 20ന് പിടിഎ യോഗം ചേരണം. 25, 26 തിയ്യതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണം. ക്ലാസുകളും പരിസരവും വൃത്തിയാക്കണം.
പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷ അവലോകനം നടത്തണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം.
സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ഫിറ്റ്‌നസ് ഉറപ്പാക്കണം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം പ്രത്യേകം വേര്‍തിരിക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ പാടില്ല. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല.
സ്‌കൂള്‍ കാമ്പസുകളില്‍ സ്‌കൂള്‍ സമയത്ത് അന്യര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കുട്ടികളുമായി പുറത്ത് നിന്നുള്ളവര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിക്കണം.
പുകയില, ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്‌കൂളില്‍ സ്ഥാപിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി.