കാമുകിയുടെ മകനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു‌; പ്രതി പിടിയിൽ


അമ്മയുടെ കാമുകൻ 10 വയസ്സുകാരനെ കൊലപ്പെടുത്തി. കുട്ടിയെ കാണാനില്ലെന്ന് അമ്മയാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. ഗുവാഹത്തിയിലാണ് സംഭവം.  

നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മൃൺമോയ് ബർമന്റെ മൃതദേഹം ഗുവാഹത്തിയിൽ വനം വകുപ്പ് ഓഫീസിന് സമീപമാണ് കണ്ടെത്തിയത്. ശനിയാഴ്ച മകൻ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് അമ്മ ദിപാലി നൽകിയ പരാതി. ഗുവാഹത്തിയിൽ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്യൂട്ട് കേസിനുള്ളിലായിരുന്നു മൃതദേഹം. കുട്ടിയുടെ സ്കൂൾ ബാഗും സമീപത്തുണ്ടായിരുന്നു

ജിതുമോണി ഹലോയി എന്നയാളാണ് പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ കുട്ടിയുടെ അമ്മയ്ക്ക് ജിതുമോണി ഹലോയിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ താൽക്കാലികമായി പ്യൂണ്‍ ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ

കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ദിപാലിക്ക് പങ്കുണ്ടോയെന്ന് വ്യക്തമല്ല. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സ്ത്രീയുടെ മുൻ ഭർത്താവിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. എന്തിനാണ് ഈ ക്രൂരകൃത്യം നടത്തിയത് എന്നത് ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് ചോദ്യംചെയ്യൽ തുടരുകയാണ്.

أحدث أقدم