അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റിനായുള്ള അപേക്ഷ തീയതി മെയ് 19 വരെ നീട്ടി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്. നേരത്തെ, രജിസ്ട്രേഷനും ഫീസ് അടയ്ക്കലിനുമുള്ള അവസാന തീയതികൾ യഥാക്രമം മെയ് 11, 2025, മെയ് 13, 2025 എന്നിവയായിരുന്നു. എന്നാൽ, കൂടുതൽ അപേക്ഷകർക്ക് അവസരം നൽകുന്നതിനായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഈ തീയതികൾ നീട്ടുകയായിരുന്നു.
പുതിയ അറിയിപ്പ് പ്രകാരം അപേക്ഷകർക്ക് ഔദ്യോഗിക വെബ്സൈറ്റായ rrbcdg.gov.in വഴി മെയ് 19 വരെ അപേക്ഷകൾ സമർപ്പിക്കാം, അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മെയ് 21 വരെയാണ്. കൂടാതെ, അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള വിൻഡോ മെയ് 22 മുതൽ മെയ് 31 വരെ തുറന്നിരിക്കും.അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികതയിലെ 9970 ഒഴിവുകള്‍ നികത്തുന്നതിനായി വമ്പന്‍ റിക്രൂട്ട്മെന്റാണ് റെയില്‍വേ നടത്തുന്നത്.
9970 ഒഴിവുകളില്‍ 4116 ഒഴിവുകൾ അൺറിസർവ്ഡ് വിഭാഗത്തിനും, 1,716 ഷെഡ്യൂൾഡ് കാസ്റ്റ്, 858 ഷെഡ്യൂൾഡ് ട്രൈബ്, 2,289 അതർ ബാക്ക്വേർഡ് ക്ലാസസ്, 991 എകണോമിക്കലി വീക്കർ സെക്ഷൻ, 1004 മുൻസൈനികർ എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്.അപേക്ഷകർക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന വിദ്യഭ്യാസ യോഗ്യത പത്താംക്ലാസ് ആണ്. കൂടാതെ എന്‍ സി വി ടി/ എസ് സി വി ടിയിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡുകളുടെ വിശദാംശങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. പ്രായപരിധി 2025 ജനുവരി 1-ന് 18 മുതൽ 33 വയസ്സ് വരെയായിരിക്കണം. ഒ ബി സി, എസ് സി/ എസ് ടി വിഭാഗങ്ങൾക്ക് യഥാക്രമം 3, 5 വർഷത്തെ പ്രായപരിധി ഇളവ് ലഭിക്കും. കോവിഡ് മഹാമാരി കണക്കിലെടുത്ത്, മുൻ റിക്രൂട്ട്മെന്റ് അവസരങ്ങൾ നഷ്ടപ്പെട്ടവർക്ക് 3 വർഷത്തെ ഒറ്റത്തവണ പ്രായപരിധി ഇളവ് നൽകിയിട്ടുണ്ട്. കൂടാതെ, അപേക്ഷകർ റെയിൽവേയുടെ മെഡിക്കൽ ഫിറ്റ്നസ് മാനദണ്ഡങ്ങളും പാലിക്കണം