പത്തനംതിട്ട: കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിനെതിരേ പരാതി നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ. വനം വകുപ്പ് ഓഫിസിൽ കയറി ജോലി തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് ഉദ്യോഗസ്ഥർ കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ചൊവ്വാഴ്ച വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ആളെ എംഎൽഎ ബലമായി മോചിപ്പിച്ചിരുന്നു. കൈതകൃഷി ചെയ്യാനായി സ്ഥലം പാട്ടത്തിനെടുത്തവർ സോളാർ വേലിയിൽ അമിത തോതിൽ വൈദ്യുതി കടത്തിവിട്ടതാണ് ആന ചരിയാൻ കാരണമെന്ന് സംശയിച്ച് വനം വകുപ്പ് സ്ഥലം പാട്ടത്തിനെടുത്ത ആളുടെ സഹായിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള ആളെ മോചിപ്പിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
കള്ളക്കേസെടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുകയാണ്. തോന്നിവാസമാണ് കാണിക്കുന്നത്. നീ ഒക്കെ ഒരു മനുഷ്യനാണോ എന്നെല്ലാം എംഎൽഎ ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നക്സലുകളെ വന്ന് ഫോറസ്റ്റ് ഓഫിസ് കത്തിക്കുമെന്നും ജനീഷ് കുമാർ എംഎൽഎ പറയുന്നുണ്ട്.
ഇതിനു പിന്നാലെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു. അതൊരു വൈകാരിക പ്രകടനമായിരുന്നെന്നാണ് എംഎൽഎ പറയുന്നത്. സാധാരണക്കാർക്കെതിരേ പ്രതികരിച്ചപ്പോൾ വൈകാരികമായി പോയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരോട് അത്തരത്തിൽ പെരുമാറിയതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.