ഇന്ത്യ-പാക് സംഘര്‍ഷം: അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിര്‍ദേശം പുറത്തിറക്കി


        

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിര്‍ദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു

ആഭ്യന്തര വിമാന യാത്രകള്‍ക്കായി വരുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രകള്‍ക്കായി എത്തുന്നവര്‍ അഞ്ച് മണിക്കൂര്‍ മുമ്പും എത്തിയാല്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കും. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിക്കാനും ഇതിലൂടെ സാധിക്കും. പുതിയ സാഹചര്യത്തില്‍ യാത്രക്കാര്‍ സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു

കൊച്ചി വിമാനത്താവളം സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ സമയം പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തില്‍ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് അറിയിപ്പ്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതരും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചതായി സോഷ്യല്‍ മീഡിയ വഴി പ്രചരണം ഉണ്ടായിരുന്നെങ്കിലും ഇത് പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചിട്ടുണ്ട്. നിലവില്‍ 24 വിമാനത്താവളങ്ങളില്‍ മാത്രമാണ് സര്‍വീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Previous Post Next Post