വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ ഉടൻ; സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് നടപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ


        

എല്‍ഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് നടപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ.വീട്ടമ്മമാരുടെ ജോലി സമയം നിര്‍ണയിക്കാന്‍ പറ്റാത്തതാണ്. തൊഴിലെടുക്കുന്ന സ്ത്രീകളും അല്ലാത്തവരും വീട്ടിനകത്ത് എത്രയോ മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ മറ്റ് പെന്‍ഷനൊന്നും ലഭിക്കാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നത് എല്‍ഡിഎഫിന്റെ ചരിത്രപരമായ പ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.

പടന്നക്കാട് കാര്‍ഷിക കോളജില്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി പി രാമകൃഷ്ണന്‍.മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനുള്ള സാഹചര്യം കേരളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞു. 62 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മറികടന്നും അധികവരുമാനം കണ്ടെത്തിയുമാണ് ഇത് സാധ്യമാക്കിയത്.എല്ലാ പ്രതിസന്ധിയും മറികടന്ന് പെന്‍ഷന്‍ അതത് മാസം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. പെന്‍ഷന്‍ തുകകൊണ്ട് ജീവിതം ക്രമപ്പെടുത്തുന്നവര്‍ക്ക് ഒരു പ്രതിസന്ധിയുടെ പേരിലും അതില്ലാതാവരുത്. കേരളത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനൊപ്പമാണ് ഇവിടുത്തെ ബിജെപിയും യുഡിഎഫുമെന്നും ടി പി രാമകൃഷ്ണന്‍ ആരോപിച്ചു.

أحدث أقدم