ന്യൂഡല്‍ഹി: സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയാതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വിഷയം ചര്‍ച്ചചെയ്യാന്‍ പാകിസ്താന്‍ തയ്യാറാണെന്നും കത്തിലുണ്ട്. കരാര്‍ മരവിപ്പിച്ച തീരുമാനം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പാകിസ്താന്‍ ജലവിഭവ മന്ത്രാലയം അറിയിച്ചു. പഹല്‍ഗാമിലുണ്ടായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രില്‍ 23-നാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്.
1960-ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താന്‍ ഉപേക്ഷിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. ഇന്ത്യയും പാകിസ്താനും തമ്മില്‍ സിന്ധുനദീ ജലം പങ്കിടലിനായി നിലവിലുള്ള കരാര്‍ (ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി)മരവിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഭീകരവാദവും സിന്ധു നദീജലം പങ്കിടല്‍ കരാറും ഒരുമിച്ചു പോകില്ല എന്നതാണ് ഇന്ത്യയുടെ നയം. പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങളാണ് കരാര്‍ മരവിപ്പിച്ചതിന് കാരണം. പാകിസ്താന്‍ ഭീകരത തുടരുന്ന കാലത്തോളം കരാര്‍ മരവിപ്പിച്ചുനിര്‍ത്തും. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവര്‍ത്തിച്ചിരുന്നു.