
എസ്എഫ്ഐ വനിതാ പ്രവര്‍ത്തകയോട് എബിവിപി പ്രവര്ത്തകന് മോശമായി പെരുമാറി എന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനുള്ളില്‍ എസ്എഫ്ഐ-എബിവിപി സംഘര്‍ഷം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്ഭവന് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജാമ്യം എടുക്കാന്‍ സ്റ്റേഷനിലുമെത്തി. ഈ സമയത്താണ് സംഘര്‍ഷമുണ്ടായത്.
രാജ്ഭവനിലെ ഭാരതാംബ വിവാദത്തിലാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറും ഏന്തിയാണ് പ്രതിഷേധക്കാര്‍ രാജ്ഭവനിലേക്ക് എത്തിയത്. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു. രാജ്ഭവന് പരിസരത്തേയ്ക്ക് എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ അവിടെ നിന്ന് മാറ്റിയത്.