നഗരമധ്യത്തിൽ വൻ തീപിടുത്തം; രണ്ടുവീട് പൂർണമായി കത്തിനശിച്ചു


        

ആലപ്പുഴ: നഗരമധ്യത്തിൽ വീടുകൾക്കു തീപിടിച്ച് വൻനാശം. രണ്ടുവീട് പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിനു തെക്കുവശത്ത് ബ്രാഹ്മണ സമൂഹമഠത്തോടുചേർന്ന അഗ്രഹാരത്തിലെ വീടുകൾക്കാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഠത്തുംമുറി അഗ്രഹാരത്തിലെ കൈലാസിൽ ഉഷാ മോഹനന്റെ വീടിനാണ് ആദ്യം തീപിടിച്ചത്. ഇതോടുചേർന്നുള്ള മകൻ അരവിന്ദ് മോഹനന്റെ വീട്ടിലേക്കും തീപടർന്നു. ഈ വീടുകളാണ് പൂർണമായും കത്തിയത്. തുടർന്ന് തൊട്ടടുത്ത രണ്ടുവീടുകളിലേക്കും തീ പടരുകയായിരുന്നു. അരവിന്ദിന്റെയും ഉഷയുടെയും വീട്ടിൽ ആരുമില്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വീട്ടുകാർ പുറത്തു പോയിരിക്കുകയായിരുന്നു. രണ്ടുതവണ എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. പുറത്തിറങ്ങി നോക്കുമ്പോൾ വീടു കത്തുന്നതാണു കണ്ടത്’- ദൃക്സാക്ഷികൾ പറഞ്ഞു. ഉഷ അമ്പലത്തിലും അരവിന്ദും ഭാര്യയും കുഞ്ഞും പുറത്തേക്കും പോയിരുന്നു.

ആലപ്പുഴ നിലയത്തിൽനിന്ന് അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. അഗ്രഹാരത്തിലെ തടികൊണ്ടു നിർമ്മിച്ച വീടുകളാണ് അഗ്നിക്കിരയായത്. തൊട്ടുചേർന്ന് ഏഴുവീടുകളാണ് അഗ്രഹാരത്തിലുള്ളത്. സമൂഹമഠത്തിന്റെ പ്രവേശന കവാടത്തോടു ചേർന്ന് വ്യാപാരശാലകളുമുണ്ട്. ഇങ്ങോട്ടൊന്നും തീ പടരാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

Previous Post Next Post