അഹമ്മദാബാദ് വിമാനാപകടം മൂന്നുദിവസം മുന്‍പ് പ്രവചിച്ച് ‘ആലി കൊണ്ടോട്ടി’? പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന്റെ വാസ്തവം അറിയാം



 അഹമ്മദാബാദ് വിമാനാപകടം മൂന്നുദിവസം മുന്‍പ് പ്രവചിച്ച് ‘ആലി കൊണ്ടോട്ടി’? പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന്റെ വാസ്തവം
ഇന്ത്യയില്‍ മൂന്ന് ദിവസത്തിനകം ഒരു വിമാനാപകടം ഉണ്ടാകുമെന്നും ഒരാള്‍മാത്രം രക്ഷപ്പെടുമെന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ‘ആലി കൊണ്ടോട്ടി’യെന്ന പ്രൊഫൈലില്‍ പങ്കുവെച്ചുവെന്ന തരത്തിലാണ് പ്രചാരണം.

📌 പ്രചാരണം അടിസ്ഥാനരഹിതം.

 മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത മറ്റൊരു പോസ്റ്റിന്റെ ഉള്ളടക്കം എഡിറ്റ് ചെയ്താണ് വിമാനാപകടമുണ്ടായ ദിവസം വൈകിട്ട് അപകടത്തെക്കുറിച്ച് കുറിപ്പ് ചേര്‍ത്തത്.
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ അപകടവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇവയില്‍ പലതും വ്യാജവുമാണ്. ഇതിനിടെ വിമാനാപകടം മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ പ്രവചിച്ചിരുന്നുവെന്ന തരത്തില്‍ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു
. ‘ആലി കൊണ്ടോട്ടി’ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച കുറിപ്പില്‍ മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടമുണ്ടാകുമെന്നും ഇതില്‍ ഒരാള്‍ രക്ഷപ്പെടുമെന്നുമാണ് എഴുതിയിരിക്കുന്നു. അപകടത്തില്‍പെട്ട ഒരു വിമാനനത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ കുറിപ്പ് പങ്കുവെച്ചതായി കാണിക്കുന്ന ഒരു സ്ക്രീന്‍ഷോട്ടാണ് നിരവധി പേര്‍ പങ്കുവെയ്ക്കുന്നത്.
ചിലര്‍ ഇത് കേവലമൊരു പ്രവചനമെന്ന തരത്തില്‍ പങ്കുവെയ്ക്കുമ്പോള്‍ മറ്റു ചില പേജുകളില്‍നിന്ന് ഇത് വെറുമൊരു പ്രവചനമല്ലെന്നും കൃത്യമായി പ്രവചിച്ച പശ്ചാത്തലത്തില്‍ അന്വേഷണം നടത്തണമെന്നും കുറിച്ചതായി കാണാം.


 
🟪പ്രവചനം സംബന്ധിച്ച പോസ്റ്റ് വ്യാജമാണെന്നു ഇത്തരമൊരു പ്രവചനം അപകടത്തിന് മുന്‍പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
നിരവധി പേര്‍ പങ്കുവെച്ച സ്ക്രീന്‍ഷോട്ടിലെ ‘ആലി കൊണ്ടോട്ടി’ എന്ന പ്രൊഫൈലാണ് ആദ്യം പരിശോധിച്ചത്. ഇതോടെ ജൂണ്‍ 9 ന് ഉച്ചയ്ക്ക് 1.38ന് പങ്കുവെച്ച പോസ്റ്റ് കണ്ടെത്തി.
മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടമുണ്ടാകുമെന്നും ഒരാള്‍ രക്ഷപ്പെടുമെന്നുമാണ് കുറിപ്പില്‍. അതേസമയം പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററി പരിശോധിച്ചതോടെ നേരത്തെ പങ്കുവെച്ച മറ്റൊരു ഉള്ളടക്കം എഡിറ്റ് ചെയ്താണ് ഈ വരികളും ചിത്രവും ചേര്‍ത്തതെന്ന് വ്യക്തമായി.
ജൂണ്‍ 9 ന് ഉച്ചയ്ക്ക് പങ്കുവെച്ച യഥാര്‍ത്ഥ പോസ്റ്റില്‍ ആദ്യ എഡിറ്റിങ് നടത്തിയിരിക്കുന്നത് ജൂണ്‍ 12 ന് വൈകിട്ട് 6:40നാണ് (ഉച്ചയ്ക്ക് 1.40നാണ് അപകടമുണ്ടായത്). എല്ലാവരും മരിക്കുമെന്നായിരുന്നു ആദ്യ എഡിറ്റ്. പിന്നീട് രാത്രി 7:40ന് 99.5% പേര്‍ മരിക്കുമെന്നാക്കി ഇത് തിരുത്തി. വീണ്ടും ഇത് ഒരാള്‍ രക്ഷപ്പെടുമെന്നാക്കി മാറ്റിയതും എഡിറ്റ് ഹിസ്റ്ററിയില്‍ കാണാം.

❓എന്താണ് ഫെയ്സ്ബുക്കിലെ ‘എഡിറ്റ് ഹിസ്റ്ററി

ഫെയ്സ്ബുക്കില്‍ ഒരാള്‍ പങ്കുവെയ്ക്കുന്ന ഉള്ളടക്കങ്ങള്‍ തിരുത്താന്‍ അവസരമുണ്ട്. എന്നാല്‍ തിരുത്തല്‍ ആ പോസ്റ്റ് കാണുന്ന എല്ലാവര്‍ക്കും കാണാനാവുമെന്നതാണ് ഫെയ്സ്ബുക്കിന്റെ പ്രത്യേകത. പങ്കുവെച്ച ഒരു ചിത്രം മാറ്റി മറ്റൊന്ന് ചേര്‍ക്കാനോ വിവരണത്തില്‍ മാറ്റംവരുത്താനോ ഒക്കെ സാധിക്കും. അതേസമയം ഓരോ ഘട്ടത്തിലും വരുത്തുന്ന മാറ്റങ്ങള്‍ ആ പോസ്റ്റ് കാണുന്ന എല്ലാവര്‍ക്കും കാണാം. ഇത് കാണാനായി ഫെയ്സ്ബുക്ക് പോസ്റ്റിന് മേലെ വലതുവശത്തായി കാണുന്ന മെനുവില്‍നിന്ന് ‘എഡിറ്റ് ഹിസ്റ്ററി’ സെലക്ട് ചെയ്താല്‍ മതി.


അഹമ്മദാബാദിലെ വിമാനാപകടം ‘ആലി കൊണ്ടോട്ടി’യെന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് നേരത്തെ പങ്കുവെച്ച മറ്റൊരു ഉള്ളടക്കം എഡിറ്റ് ചെയ്ത് വിമാനാപകടമുണ്ടായ ദിവസം വൈകിട്ട് ചേര്‍ത്തതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
Previous Post Next Post