ഇടുക്കി അടിമാലിയിൽ ക്യാൻസർ ബാധിതയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് യാതൊരു സൂചനയുമില്ലാതെ പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിൽ നിന്നും ലഭിച്ച വിരൽ അടയാളം ഉഷയുടെ തന്നെ എന്ന നിഗമനത്തിലാണ് പൊലീസ്. പ്രതി കവർച്ചാ സമയം ഗ്ലൗസ് ഉപയോഗിച്ചിട്ടുണ്ട് എന്നും പൊലീസ് കണ്ടെത്തി. അതേസമയം പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് ഉഷയെ കാണിച്ചിരുന്നുവെങ്കിലും പ്രതിയെ യുവതിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.
കഴിഞ്ഞ ദിവസമായിരുന്നു അടിമാലിയിൽ വിവേകാനന്ദ നഗറിലെ ഉഷയുടെ വീട്ടിൽ നിന്ന് പണം മോഷണം പോകുന്നത്. കീമോ തെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന ഉഷയുടെ വായിൽ തുണിതിരുകി കയറ്റി കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്. ക്യാൻസർ ബാധിതയായ യുവതിയിൽ നിന്ന് 16000 രൂപയാണ് വീട്ടിൽ കയറി തട്ടിയെടുത്തത്. സംഭവം നടക്കുന്ന ദിവസം ഉഷയുടെ മകളും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല.