ചണ്ഡീഗഡ്: കാമുകനുമായുള്ള ഭാര്യയുടെ വീഡിയോ കണ്ട ഭർത്താവ് മനംനൊന്ത് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തകിലാണ് ദാരുണ സംഭവം നടന്നത്. മഗൻ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് മഗൻ ആരോപിച്ചിരുന്നു. കാമുകനോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ദിവ്യയാണ് മഗന് അയച്ച് കൊടുത്തത്. ഇത് കണ്ടതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നത്.
മരിക്കുന്നതിന് മുമ്പ് മഗൻ ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയിൽ ദീപക്ക് പൊലീസ് ഉദ്യോഗസ്ഥനാണെന്നും മഗൻ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ ഒരു മുറിയിൽ ദിവ്യ നൃത്തം ചെയ്യുന്നതും അത് കാമുകന് റെക്കോഡ് ചെയ്യുന്നതും കാണാം. പിന്നാലെ വലിയ വിമർശനമാണ് വീഡിയോയ്ക്ക് നേരെ ഉയർന്നത്.
ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നതായും മഗൻ ആരോപിക്കുന്നു. ദീപക്കും ദിവ്യയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും മഗൻ പങ്കുവച്ച വീഡിയോയിൽ പറയുന്നു.