കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പരിക്ക്


കൊച്ചി മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജെട്ടിയിൽ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഫോർട്ട് കൊച്ചിയിൽ നിന്നും 50ലധികം യാത്രക്കാരുമായി എത്തിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ അടങ്ങുന്ന യാത്രക്കാർ നിലത്തുവീണു. രണ്ട് പേർ പരിക്കുകളോടെ ചികിത്സ തേടി. യന്ത്ര തകരാറിനെ തുടർന്ന് കരയ്ക്കടുപ്പിക്കുന്നതിനിടെ ബോട്ട് ജെട്ടിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് വാട്ടർ മെട്രോ അധികൃതരുടെ വിശദീകരണം. ബോട്ട് നാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു. 

Previous Post Next Post