ഓസ്ട്രേലിയയിൽ 23 കാരനായ ഇന്ത്യൻ വിദ്യാർഥിക്ക് നേർക്ക് വംശീയാക്രമണം ,മലയാളികൾ ഉൾപ്പെടെ ഉള്ള പ്രവാസികൾ ആശങ്കയിൽ !


അഡിലെയ്ഡ് ∙ ഓസ്ട്രേലിയയിൽ 23 കാരനായ ഇന്ത്യൻ വിദ്യാർഥിക്ക് നേർക്ക് വംശീയാക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ചരൺപ്രീത് സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി പൊലീസ്.

ശനിയാഴ്ച രാത്രിയിൽ ഭാര്യയ്​ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. സൗത്ത് ഓസ്ട്രേലിയയിലെ അഡിലെയ്ഡിലെ കിൻടോർ അവന്യൂവിൽ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘമെത്തി വംശീയമായി അധിക്ഷേപിക്കുകയും പ്രകോപനമില്ലാതെ ക്രൂരമായി മർ‌ദ്ദിക്കുകയുമായിരുന്നു. മുഖത്തും വയറിലും തുടർച്ചയായി ആക്രമിച്ചു. തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലാകുന്നതു വരെ സിങ്ങിനെ പരുക്കേൽപ്പിക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമത്തിൽ തലയ്ക്കും മുഖത്തെ എല്ലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അബോധാവസ്ഥയിലായ സിങ്ങിനെ എമർജൻസി മെഡിക്കൽ സംഘമെത്തി റോയൽ അഡിലെയ്ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം അക്രമികളിൽ ഇരുപതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി സൗത്ത് ഓസ്ട്രേലിയ പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെ സിസിടിവി ഫുട്ടേജ് പരിശോധിച്ച ശേഷം മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.ഇന്ത്യക്കാരനെതിരെയുണ്ടായ ആക്രമണം ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ വിദേശ വിദ്യാർഥികളും കുടിയേറ്റക്കാരും ചരൺപ്രീത് സിങ്ങിനെ പിന്തുണച്ച് ഓൺലൈനിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ സൗത്ത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പീറ്റർ മലിൻഓസ്കസ് അപലപിച്ചു.
Previous Post Next Post