വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം ധാക്കയിലെ ഒരു സ്കൂൾ കെട്ടിടത്തിലേക്ക് തകർന്നുവീണ് മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. ഇന്നലെ പരിക്കേറ്റവരിൽ കൂടുതൽ പേർ മരിച്ചതായി ചൊവ്വാഴ്ച അധികൃതർ അറിയിച്ചു.ചൈനീസ് പരിശീലന യുദ്ധവിമാനമായ എഫ്-7 ബിജിഐ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്ക് ശേഷം “മെക്കാനിക്കൽ തകരാർ” സംഭവിക്കുകയും ഉത്തരധാക്കയിലെ ദിയാബാരിയി പ്രദേശത്തെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജിന്റെ രണ്ട് നില കെട്ടിടത്തിൽ ഇടിച്ചു വീഴുകയും ചെയ്തു.
മരണസംഖ്യ ഇപ്പോൾ 27 ആയി എന്നും അതിൽ 25 പേർ കുട്ടികളാണെന്നും ബംഗ്ളാദേശ് ചീഫ് അഡ്വൈസർ പ്രൊഫ: മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ് സൈദൂർ റഹ്മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 170 ഓളം പേർക്ക് പരിക്കേറ്റു, അവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. തുടക്കത്തിൽ ഇരുപത് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, രാത്രിയിൽ പരിക്കേറ്റവരിൽ ഏഴ് പേർ മരിച്ചു. പൈലറ്റ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് മുഹമ്മദ് തോവ്കിർ ഇസ്ലാമും അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
അപകടത്തിൽ മരിച്ചവരുടെ സ്മരണയ്‌ക്കായി സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചു.രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടുമെന്ന് മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും പരിക്കേറ്റവർക്കും മരിച്ചവർക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കും.അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബംഗ്ലാദേശ് വ്യോമസേന ഒരു ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു.