വടക്കേകാട് (തൃശൂർ) • പ്രമുഖ വ്യവസായിയും ഖത്തറിൽ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ തൊഴിയൂർ മത്രംകോട്ട് പി.പി.ഹൈദർ ഹാജി (90) ദോഹയിൽ അന്തരിച്ചു. കബറടക്കം അവിടെ നടത്തി. ഭാര്യ: പരേതയായ ജമീല. മക്കൾ: ഫൈസൽ, ജമാൽ, അൻവർ, ആഷിഖ് (നാലുപേരും ഫാമിലി ഫുഡ് സെന്റർ, ഖത്തർ), നസീമ. മരുമക്കൾ: അഷ്റഫ് ഷറഫുദ്ദീൻ (ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ്, ഖത്തർ), ഷക്കീല, റജീന, റജി,റൈസ ഖദീജ.
ഖത്തർ എംഇഎസ് സ്കൂൾ, തൃശൂർ ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂൾ, ഐഇഎസ് കോളജ് ഓഫ് എൻജിനീയറിങ്, ഐഇഎസ് കോളജ് ഓഫ് ആർക്കിടെക്ചർ, ഐഇഎസ് കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, ഐഡിയൽ എജ്യുക്കേഷനൽ സൊസൈറ്റി എന്നിവ സ്ഥാപിച്ചു. ഹൈസൺ മോട്ടോഴ്സ്, ഹൈസൺ ഹോട്ടൽസ്, ഹൈസൺ ഹെറിറ്റേജ് എന്നിവയുടെ സ്‌ഥാപകനും ചെയർമാനുമായിരുന്നു. ഖത്തറിലെ ഫാമിലി ഫുഡ് സെന്റർ സൂപ്പർമാർക്കറ്റ് അദ്ദേഹം പടുത്തുയർത്തിയതാണ്. ഖത്തർ ഇൻകാസിന്റെ പ്രഥമ ഉപദേശകസമിതി അംഗവും ഖത്തർ ഐസിബിഎഫ്, ഐസിസി എന്നിവയുടെ അമരക്കാരിൽ ഒരാളുമായിരുന്നു. ഖത്തറിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യൻ ബെനവലന്റ് ഫണ്ടിന് നേതൃത്വം നൽകി.