.
വിവാഹമോചനത്തിന് പിന്നാലെ പാലിൽ കുളിച്ച് യുവാവ്. താൻ സ്വാതന്ത്ര്യം ആഘോഷിക്കുകയാണെന്ന് യുവാവ് പറഞ്ഞു. വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അസം സ്വദേശിയായ മണിക് അലിയാണ് പാലിൽ കുളിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.
ലോവർ അസമിലെ നൽബാരി ജില്ലയിലെ താമസക്കാരനാണ് മണിക് അലി. ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞ ശേഷമായിരുന്നു യുവാവിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം. മണിക് അലി തന്‍റെ വീടിന് പുറത്ത്, നാല് ബക്കറ്റ് പാലുമായി ഒരു പ്ലാസ്റ്റിക് ഷീറ്റിന് മുകളിൽ നിന്നു. ഒന്നിനു പുറകെ ഒന്നായി ബക്കറ്റുകളിൽ നിന്ന് പാൽ എടുത്ത് കുളിച്ചു. ഏകദേശം 40 ലിറ്റർ പാലിലാണ് യുവാവ് കളിച്ചത്.
സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുകയും ‘ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു- “അവൾ കാമുകനോടൊപ്പം പല തവണ ഒളിച്ചോടി. ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനത്തിനായി ഞാൻ ഇതുവരെ മൗനം പാലിച്ചു” എന്ന് അലി പറയുന്നതും കേൾക്കാം. അലിയുടെ ഭാര്യ രണ്ട് തവണ ഒളിച്ചോടിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നാലെയാണ് മണിക് അലി വിവാഹ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു.