റിട്ടയർമെൻ്റ് ആഘോഷത്തിനിടെ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണു; മരിച്ചയാളുടെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി


ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണു മരിച്ചയാളുടെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. പന്തളം സ്വദേശി അബ്ദുൽ മനാഫ് മരിച്ച കേസിലാണ് പത്തനംതിട്ട ഉപഭോക്തൃ കോടതി വിധി പ്രസ്താവിച്ചത്. 2022 മെയ് എട്ടിനാണ് സുഹൃത്തിൻ്റെ റിട്ടയർമെൻ്റ് പാർട്ടിക്കിടെ ഇറിഗേഷൻ ഉദ്യോഗസ്ഥനായ അബ്ദുൽ മനാഫ് കായലിൽ വീണ് മരിച്ചത്. ഹൗസ്ബോട്ടിന് കൈവരികൾ ഇല്ലായിരുന്നുവെന്ന കണ്ടെത്തലിലാണ് ഉത്തരവ്. കനാൽ ക്രൂയിസ് ഹൗസ് ബോട്ട് ഉടമ ബിജിമോൾ 40 ലക്ഷവും കോടതി ചെലവായി പതിനായിരം രൂപയും കുടുംബത്തിന് നൽകണമെന്നാണ് വിധിയിൽ പ്ര‌സ്താവിച്ചത്

മരിച്ച അബ്ദുൾ മനാഫിൻ്റെ ഭാര്യ നാസിയയാണ് ഹൗസ് ബോട്ട് ഉടമക്കെതിരെ ഹർജി ഫയൽ ചെയ്തത്. ഇറിഗേഷൻ വകുപ്പിൽ സീനിയർ ഹെഡ് ക്ലാർക്കായിരുന്നു അബ്ദുൾ മനാഫ്. 2022 മെയ് എട്ടിന് സഹപ്രവർത്തകർക്കൊപ്പമാണ് റിട്ടയർമെൻ്റ് പരിപാടിക്ക് ഹൗസ് ബോട്ടിൽ ഇദ്ദേഹവും എത്തിയത്.ബോട്ടിൻ്റെ ഡെക്കിൽ നിൽക്കുമ്പോഴാണ് മനാഫ് കായലിൽ വീണത്. 

ഹൗസ് ബോട്ടിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നില്ല. ഇൻഷുറൻസ് പുതുക്കാതെയാണ് ബോട്ട് കായൽ യാത്രക്ക് ഉപയോഗിച്ചത്. ഡബിൾ ഡക്കർ ബോട്ടിൻ്റെ മേൽഭാഗത്ത് ആവശ്യമായ കൈവരികൾ എല്ലാ ഭാഗത്തും ഉണ്ടായിരുന്നില്ല. യാത്രക്കാർക്ക് ആവശ്യത്തിന് ജാക്കറ്റുകളും ഉണ്ടായിരുന്നില്ല. മരിച്ച അബ്ദുൾ മനാഫും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. മരിക്കുമ്പോൾ 43 വയസായിരുന്നു ഇദ്ദേഹത്തിൻ്റെ പ്രായം. 13 വർഷംകൂടി സർവീസ് ബാക്കിയുണ്ടായിരുന്നു. പ്രമോഷനും ശമ്പള വർധനവിനും സാധ്യതകളുണ്ടായിരുന്നുവെന്നും വാദം കേട്ട ഉപഭോക്തൃ കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.

أحدث أقدم