ആംബുലൻസ് തലകീഴായി മറിഞ്ഞു.. ഡ്രൈവർ സീറ്റിനടുത്ത് നിന്ന് കണ്ടെടുത്തത് വാൾ..



തിരുവനന്തപുരം : ബസ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിലെത്തിക്കാനെത്തിയ ആംബുലൻസ് തലകീഴായി മറിഞ്ഞ സംഭവത്തിൽ അപകടത്തിൽപെട്ട ആംബുലൻസിൽ നിന്നും വാൾ കണ്ടെത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കള്ളിക്കാട് പെരിഞ്ഞാംകടവിലായിരുന്നു അപകടം. കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും നെയ്യാർഡാമിൽ നിന്ന് കാട്ടാക്കടയിലേക്ക് വന്ന ഓർഡിനറി ബസുമാണ് കൂട്ടിയിടിച്ചത്. ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ ഡ്രൈവർ മണിക്കൂറുകളോളം സ്റ്റിയറിംഗിനിടയിൽ കുടുങ്ങിക്കിടന്നു. ഇരു ബസുകളിലുമായി മുപ്പതോളം പേർക്കാണ് പരുക്കേറ്റത്.

സംഭവത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കുമാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ കാട്ടാക്കടയിൽ നിന്ന് അപകടസ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് കള്ളിക്കാട് പെട്രോൾ പമ്പിന് സമീപം ആംബുലൻസ് തലകീഴായി മറിഞ്ഞത്. ഡ്രൈവറെ മണിയറവിള താലൂക്ക് ആശുപത്രിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പിന്നീട് മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസ് മറിഞ്ഞതിന് പിന്നാലെ സംഭവ സ്ഥലത്തെത്തിയ പ്രദേശവാസികൾ പകർത്തിയ വീഡിയോയിലാണ് ഡ്രൈവർ സീറ്റിനടുത്തായി വാൾ കിടക്കുന്നത് കാണുന്നത്.

അപകടത്തിന് പിന്നാലെ ഓടിക്കൂടിയവരിൽ ചിലർ വാൾ എടുത്ത് മാറ്റാൻ നിർദേശിക്കുന്നതും ഒരാൾ അതെടുത്ത് മാറ്റുന്നതും ദൃശ്യത്തിലുണ്ട്. വീഡിയോ വൈറലായതോടെ ആംബുലൻസിൽ എന്തിനാണ് മാരകായുധമായ വാൾ എന്ന ചോദ്യമാണ് സമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്. സംഭവസ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരടക്കം ഉണ്ടായിരുന്നെങ്കിലും വാൾ ആരുടെയും കണ്ണിൽപെട്ടില്ലെന്നതിനാൽ സമീപത്തുണ്ടായിരുന്നവർ ആരോ വാളുമായി കടന്നിട്ടുണ്ടാകുമെന്നാണ് സംശയം. പൊലീസിലും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കലും ശ്രദ്ധയിൽപെട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.
Previous Post Next Post