സെല്ലിന്റെ താഴ്ഭാഗത്തെ കമ്പികളാണ് ഗോവിന്ദച്ചാമി രക്ഷപ്പെടാനായി മുറിച്ചുമാറ്റിയത്. അഴികള്‍ മുറിച്ചുമാറ്റുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഈ ഭാഗത്ത് നൂലുകള്‍കൊണ്ട് കെട്ടിയതും ചിത്രത്തില്‍ വ്യക്തമാണ്. ഓരോ ദിവസവും ഉപ്പ് ശേഖരിച്ച് സെല്ലിലെ കമ്പികള്‍ ദ്രവിപ്പിച്ചെന്നും അരം ഉപയോഗിച്ച് ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു. ഇതുശരിവെയ്ക്കുന്നതാണ് പുറത്തുവന്ന ചിത്രം.
സെല്ലിന്റെ താഴ്ഭാഗത്തെ കമ്പികളാണ് ഗോവിന്ദച്ചാമി മുറിച്ചിരുന്നത്. സെല്ലില്‍നിന്ന് കൊണ്ട് കമ്പി മുറിച്ചാല്‍ ആരെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതി, മൂടിപ്പുതച്ച് കിടന്നുകൊണ്ടാണ് കമ്പി മുറിച്ചത്. അതിനാലാണ് താഴ്ഭാഗത്തെ കമ്പി മുറിച്ചുമാറ്റാന്‍ കാരണം. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും പുറത്തുവന്ന ചിത്രത്തില്‍ കാണാം.
ജയില്‍ ജീവനക്കാര്‍ മുഴുവന്‍സമയം ഫോണിലാണെന്നും ആരും ശ്രദ്ധിക്കാറില്ലെന്നും ഗോവിന്ദച്ചാമി മൊഴിനല്‍കിയിരുന്നു. ഇത് ശരിവെയ്ക്കുന്നരീതിയിലുള്ളതാണ് സെല്ലിന്റെ ചിത്രം. ദിവസങ്ങളെടുത്ത് ഇത്രയേറെ ഭാഗം മുറിച്ചുമാറ്റിയിട്ടും ജയില്‍ ജീവനക്കാര്‍ ആരും കണ്ടില്ലെന്നത് ശരിക്കും അമ്പരിപ്പിക്കുന്നതാണ്.
അതേസമയം, ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടിയാല്‍പോലും കേസെടുക്കില്ലെന്നാണ് ഒരുവിഭാഗം ജയില്‍ ജീവനക്കാരുടെ ആക്ഷേപം. കണ്ണൂര്‍ ജയിലില്‍ രാത്രികാല പരിശോധന ശക്തമല്ല. മൂന്നുമാസം കൂടുമ്പോള്‍ തടവുകാരെ സെല്‍ മാറ്റണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍, കണ്ണൂരില്‍ അതും പാലിക്കപ്പെട്ടില്ലെന്നും പറയുന്നു.