കുട്ടികളുണ്ടാകാൻ മന്ത്രവാദ ചടങ്ങിന് വിധേയായ യുവതിക്ക് ദാരുണാന്ത്യം





അസംഗഢ്: കുട്ടികളുണ്ടാകാൻ മന്ത്രവാദ ചടങ്ങിന് വിധേയായ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിൽ അസംഗഢിലാണ് സംഭവം. 35 കാരിയായ അനുരാധയാണ് ക്രൂര മർദനത്തിനിടെ മരിച്ചത്. സംഭവത്തിൽ പ്രാദേശിക മന്ത്രവാദിയായ ചന്ദു പൊലീസിൽ കീഴടങ്ങി. വിവാഹിതയായി 10 വർഷമായിട്ടും കുട്ടികളുണ്ടാകാതിരുന്നതിനെ തുടർന്നാണ് അനുരാധ ആത്മീയ മാർഗങ്ങളിലൂടെ സ്ത്രീകളെ അമ്മയാക്കാൻ സഹായിക്കുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്ന ചന്ദുവിനെ സമീപിച്ചത്.

മന്ത്രവാദത്തിനിടെ അനുരാധയ്ക്ക് പ്രേത ബാധയുണ്ടെന്ന് ചന്ദു ആരോപിക്കുകയും അത് മന്ത്രവാദത്തിലൂടെ മാറ്റാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ മന്ത്രവാദത്തിനിടെ അനുരാധയുടെ വായിലും കഴുത്തിലും അമർത്തുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു. പിന്നീട് കക്കൂസിലെ മലിനജലം കുടിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

അനുരാധയുടെ അമ്മ മർദനം തടയാൻ ശ്രമിച്ചെങ്കിലും മന്ത്രവാദി വഴങ്ങിയില്ല. ക്രമേണ അനുരാധയുടെ നില വഷളാകുകയായിരുന്നു. ഉടൻ തന്നെ മന്ത്രവാദിയും കൂട്ടാളികളും ചേർന്ന് അനുരാധയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് മന്ത്രവാദിയും കൂട്ടരും ആശുപത്രി വിട്ടു. പിന്നീട് യുവതിയുടെ കുടുംബം മൃതദേഹം ഗ്രാമത്തിൽ തിരിച്ചെത്തിക്കുകയും, സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. അനുരാധയുടെ പിതാവിൻ്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു.
أحدث أقدم