
യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശം നൽകി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുക. സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതികൾ
2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. പൊലീസുകാരും സുജിത്തും തമ്മിൽ ചൊവ്വന്നൂരിൽ വച്ച് തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം സുജിത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. മദ്യപിച്ച് ബഹളം വച്ചതിന് കേസ് ചുമത്തി. വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായി. ഇതോടെ കോടതി ജാമ്യം നൽകി. ഈ സംഭവത്തിൽ സുജിത്തിൻ്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പൊലീസുകാർക്കെതിരായ നടപടിക്ക് കാരണമായി.