കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കും, അമിത് ഷാ ഉറപ്പ് നൽകിയെന്ന് എൽഡിഎഫ് എംപിമാർ


        

ഛത്തീസ്​ഗഡിലെ ദുർ​ഗിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി എംപി കെ രാധാകൃഷ്ണൻ. ഇന്ന് കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എൽഡിഎഫ്-യുഡിഎഫ് എംപിമാർ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

നിരന്തരമായ ഇടപെടലിന്റെയും സമ്മർദങ്ങളുടെയും ഫലമാണ് ഇതെന്നും ഏതാനും മണിക്കൂറുകൾക്കകം ശുഭവാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംപി പി സന്തോഷ് കുമാർ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളും ഇതിന് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇത് കേരളം നേടിയെടുത്ത വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ നീതി നിഷേധത്തിന്റെ ദിനങ്ങളാണ് കണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു. കന്യാസ്ത്രീകളെ കൊടും കുറ്റവാളികൾക്കൊപ്പം ജയിലിൽ ഇട്ടു. കിടക്കാൻ ഒരു കട്ടിൽ നൽകാൻ പോലും ബിജെപിക്ക് കഴിഞ്ഞില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ നിരന്തരമായ ഇടപെടൽ നടത്തുന്നു എന്ന് പറയുമ്പോഴാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത്. കേരളത്തിൽ ആരെയും ജയിലിൽ ഇട്ടിട്ടില്ല, ഇത്തരം അനുഭവങ്ങൾ ആർക്കും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ സംരക്ഷിക്കുന്ന സർക്കാരാണ് ഉള്ളത്. എന്നാൽ, കൊടും ഭീകരവാദികൾ എന്ന നിലയിലാണ് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post