കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍; ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനവും നേതൃസംഗമവും നാളെ




തിരുവനന്തപുരം : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. രാത്രി 10ന് വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ രാവിലെ 11 നാണ് ഓഫീസ് ഉദ്ഘാടനം.

ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും. തുടര്‍ന്നാണ് ഉദ്ഘാടനം. ഇവിടെ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ ജി മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും.

തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അമിത്ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാര്‍ഡ് സമിതികളിലെ 25,000 പേരാണ് സംഗമത്തിനെത്തുന്നത്. മറ്റു ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതിയിലുള്ളവരും പഞ്ചായത്തു മുതല്‍ ജില്ലാ തലം വരെയുള്ള നേതാക്കളും വെര്‍ച്വലായി സമ്മേളനത്തില്‍ പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേരാണ് ഇത്തരത്തില്‍ സമ്മേളനത്തിന്റെ ഭാഗമാകുന്നത്. വാര്‍ഡുതല നേതൃസംഗമത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോരാട്ടം പാര്‍ട്ടി ആരംഭിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Previous Post Next Post