
കൊച്ചി വടുതലയില്‍ ദമ്പതികളെ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് പിന്നില്‍ പകയും വൈരാഗ്യവുമെന്ന് പൊലീസ്. ഒറ്റക്ക് താമസിക്കുന്ന അയല്‍വാസി വില്വമിനെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകൂടി സ്ഥാപിച്ചതോടെയായിരുന്നു കൊല്ലാനുള്ള തീരുമാനം. പൊള്ളലേറ്റ ക്രിസ്റ്റഫറും ഭാര്യ മേരിയും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. തീ കൊളുത്തിയ ശേഷം ജീവനൊടുക്കിയ വില്യമിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
വടുതല ലൂര്‍ദ് ആശുപത്രിക്ക് സമീപം ഗോള്‍ഡന്‍ സ്ട്രീറ്റ് റോഡിലെ ഇടവഴിയില്‍ ഒരു മതിലിനപ്പുറം താമസിക്കുന്ന വില്യമും ക്രിസ്റ്റഫറും നേര്‍ക്കുനേര്‍ കണ്ടാല്‍ കീരിയും പാമ്പുമെന്ന് നാട്ടുകാര്‍ പറയുന്നു. എല്ലാത്തിനും തുടക്കമിട്ടത് നേരത്തെ തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള വില്യമായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വില്യം ക്രിസ്റ്റഫറിന്‍റെ വീട്ടില്‍ മാലിന്യമെറിഞ്ഞതായരുന്നു ആദ്യ പ്രകോപനം. ചോദ്യം ചെയ്ത ക്രിസ്റ്റഫറിനെ വില്യം ഭീഷണിപ്പെടുത്തി.
മറ്റൊരു ദിവസം വില്യം ക്രിസ്റ്റഫറിന്‍റെ വീട്ടിലേക്ക് കക്കൂസ് മാലിന്യം വലിച്ചെറിഞ്ഞു. ഇതിനെതിരെ ക്രിസ്റ്റഫര്‍ പൊലീസിന് പരാതി നല്‍കി. വില്യമിനെ പൊലീസ് വിളിപ്പിച്ചതോടെ ഇരുവര്‍ക്കുമിടയിലെ ശത്രുത ഇരട്ടിയായി. ഇടക്ക് തന്‍റെ പണം ക്രിസ്റ്റഫര്‍ മോഷ്ടിച്ചെന്ന് വില്യം നാട്ടുകാരോട് പരാതി പറഞ്ഞു. ചെറുതും വലുമായ പ്രശ്നങ്ങള്‍ തുടര്‍ച്ചയായതോടെ വില്യമിനെ നിരീക്ഷിക്കാന്‍ ക്രിസ്റ്റഫര്‍ വീടിന് മുന്നില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതോടെ പക മൂര്‍ച്ഛിച്ച് പ്രതികാരമായി.
ഇന്നലെ രാത്രി ചാത്യാത്ത് പള്ളിയിലെ പെരുന്നാള്‍ തിരികെ വന്ന ക്രിസ്റ്റഫറും ഭാര്യയും ഇടവഴിയിലൂടെ സ്കൂട്ടര്‍ ഓടിച്ചപ്പോള്‍ വീടിന്‍റെ മതിലിനപ്പുറം നിന്ന് വില്യം ഇരുവര്‍ക്കും നേരെ കവറില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിക്കുകയായിരുന്നു. പൊടുന്നനെ തീയിട്ടു. സ്കൂട്ടര്‍ ഓടിച്ച ക്രിസ്റ്റഫറിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഭാര്യയുടെ സാരിയില്‍ തീ പിടിച്ചെങ്കിലും അയല്‍വാസികള്‍ ചേര്‍ന്ന് കെടുത്തി. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് വില്യം വീട്ടിൽ കയറി വാതിലടച്ചു. പൊലീസെത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് അകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്ന ക്രിസ്റ്റഫറിന് അറുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. മേരിയുടെ പൊള്ളല്‍ ഗുരുതരമല്ല. പൊലീസെത്തി അയല്‍വാസികളുടെ മൊഴിയെടുത്തു. രാവിലെ തന്നെ വീട്ടില്‍ ഫൊറന്‍സിക് സംഘവുമെത്തി പരിശോധന നടത്തി. മരിച്ച വില്യമിന്‍റെ മൃതദേഹം കളമശ്ശേരിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി. സഹോദരന്‍റെ മകന്‍റെ തലയില്‍ ചുറ്റികവച്ച് അടിച്ചതിന് വില്യമിനെതിരെ നേരത്തെ കേസുണ്ടായിരുന്നു. അയല്‍വാസികളിലന്‍ നിന്നെല്ലാം അകന്ന് ജീവിച്ച വില്യം ഇത്ര കടുത്ത ശത്രുത മനസില്‍ സൂക്ഷിച്ചതിന്‍റെ ഞെട്ടലിലാണ് വടുതല ഗോള്‍ഡന്‍ സ്ട്രീറ്റിലെ താമസക്കാര്‍.