മൻസാദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും മരണ സംഖ്യ എട്ടായി






ഹരിദ്വാറിലെ മൻസാദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും മരണ സംഖ്യ എട്ടായി. 35ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകടത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഞായറാഴ്ച രാവിലെയാണ് തിക്കും തിരക്കുമുണ്ടായത്. ഒരാൾക്ക് വൈദ്യുതാഘാതം ഏറ്റെന്ന അഭ്യൂഹം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ഏത് വഴി പുറത്തിറങ്ങണമെന്ന് അറിയാതെ കുഴങ്ങിയതോടെ പലരും തിരക്കിനിടയിൽ താഴെ വീണ് പോവുകയായിരുന്നു. മരിച്ചവരിൽ 12 വയസ് പ്രായമുള്ള ബാലനും പരിക്കേറ്റവരിൽ 4 വയസുള്ള ബാലികയും ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ചെറിയ പടവുകളിൽ വീണു പോയ ആളുകളെ രക്ഷപ്പെടാനുള്ള പരിശ്രമത്തിനിടെ മറ്റുള്ളവർ ചവിട്ടി മെതിക്കുകയായിരുന്നു.

തിക്കിലും തിരക്കിലും മരിച്ച ഏറ്റവും പ്രായം കുറഞ്ഞ ആൾ 12 കാരനാണ്. ഉത്തർ പ്രദേശിലെ ബറേലി സ്വദേശിയാണ് ഈ ബാലൻ. എന്നാൽ തീർത്ഥാടകരിലൊരാൾ വീണതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായതെന്നാണ് മൻസാ ദേവി ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് മഹന്ത് രവീന്ദ്ര പുരി പ്രതികരിച്ചത്. ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മൂന്ന് വഴികളാണ് ഉള്ളത്. റോപ് വേ, വാഹനം വരുന്ന വഴി, പുരാതന പാത എന്നിവയാണ് ഇത്. വലിയ രീതിയിൽ വിശ്വാസികൾ എത്തിയപ്പോൾ പൊലീസ് നിയന്ത്രിക്കാനായി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും ആളുകൾ ക്ഷേത്രത്തിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ ഒരാൾ വീഴുകയും പിന്നാലെ വലിയ അപകടമുണ്ടായെന്നുമാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
أحدث أقدم