മാവേലിക്കര- നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനം അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ നിരാഹാര സമരം. രാവിലെ 8 മുതൽ രാത്രി 8 വരെ ശവപെട്ടിയിൽ കിടന്നുകൊണ്ടാണ് 12 മണിക്കൂർ നിരാഹാരം നടത്തുന്നത്. നഗരസഭയിലെ ഭർണാധികാരികളിൽ കണ്ണുള്ളവർ കാണട്ടെ, എന്നപോലെ നഗരസഭ കവാടത്തിന് എതിർവശത്ത് തയ്യാറാക്കിയ സമരസ്ഥലത്താണ് ശവപെട്ടിയിൽ കിടന്നുകൊണ്ടുള്ള നിരാഹാര സമരം. ശവദാഹത്തിനുള്ള ക്രമീകണങ്ങൾ എന്ന പോലെ, നിലവിളക്കും റീത്തും വെച്ചിട്ടുണ്ട്.
വർഷങ്ങളായുള്ള മാവേലിക്കര നഗരത്തിലെ ജനങ്ങളുടെ ആവശ്യമാണ് മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ മനു എന്ന യുവാവ് വ്യത്യസ്ഥമായ സമര മാർഗ്ഗം സ്വീകരിച്ചിരികൊണ്ട് ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്. നിരവധി സാംസ്കാരിക സാമൂൂഹിക പ്രവർത്തകർ സമരത്തിന് അനുഭാവം അറിയിച്ച് ഇവിടേക്ക് എത്തുന്നുണ്ട്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ക്രിമിറ്റോറിയം പ്രവർത്തിപ്പിക്കാൻ എല്ലാ ബഡ്ജറ്റിലും നേർച്ചപോലെ തുക വകയിരുത്താറുണ്ടെങ്കിലും ഒരിക്കൽ പോലും പ്രാവർത്തികമാക്കിയിട്ടുല്ല. പുതിയ ചെയർമാന്റെ മുന്നിലും റസിഡന്റ്‌സ് അസോസിയേഷന്‍ കോറം നിവേദനം സമർപ്പിച്ചെങ്കിലും ഒന്നും നടക്കാൻ പോകുന്നില്ലെന്ന് മനസിലാക്കിയാണ് മനു വ്യത്യസ്ഥമായ സമരത്തിലേക്ക് കടന്നിരിക്കുന്നത്.
റസിഡന്റ്‌സ് അസോസിയേഷന്‍ കത്ത് നൽകിയതിന് ശേഷം നടന്ന കൗൺസിൽ യോഗത്തിൽ, പൊതുശ്മശാനം ഒരു മാസത്തിനുള്ളിൽ പ്രവര്‍ത്തിപ്പിക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ കാലയളവിനുള്ളിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം വരുമെന്നിരിക്കെ ഈ വാഗ്ദാനം കണ്ണിൽ പൊടിയിടാനുള്ളതാണ്. പുതിയ ചെയർമാനും ഭരണസമിതിയും ശ്മശാനവിഷയം പരിഹരിക്കാൻ ആത്മാർത്ഥമായ താത്പര്യം ഉണ്ടെങ്കിൽ താത്കാലികമായി പോർട്ടബിൾ ശ്മശാനം കൊണ്ടുവരണം എന്നാണ് മനു ആവശ്യപ്പെടുന്നത്.