കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ മരിച്ചു. ഇന്നലെ രാവിലെയാണ് അശോകനെ മറ്റൊരു കടയുടമയായ തുളസീദാസ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തുളസീദാസിനെ പൊലീസ് പിടികൂടിയിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
രാമപുരം ബസ് സ്റ്റാന്‍റിന് സമീപത്തെ കെട്ടിടത്തിലാണ് അശോകന്‍റെ കണ്ണനാട്ട് ജ്വലറി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് പ്രതിയായ തുളസീദാസ് ജ്വല്ലറിയിൽ എത്തി അശോകന് നേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ആക്രമണത്തിൽ അശോകന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അശോകനും പ്രതിയായ തുളസീദാസും പരിചയക്കാരാണ്. കരാറുകാരനായ തുളസീദാസിന്റെ സിമന്‍റ് കട അശോകന്‍റെ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.
ഇതിന്‍റെ വാടകയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. അശോകന്‍റെ കെട്ടിടത്തിലെ ചില നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ വകയിൽ തുളസീദാസിന് പണം നൽകാനുമുണ്ട്. ഇരുവരും തമ്മിലുളള സാമ്പത്തിക ഇടപാടിനെ ചൊല്ലി മുമ്പും തർക്കം നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അശോകനും തുളസീദാസും തമ്മിൽ കയ്യാങ്കളിയുമുണ്ടായി.