
നിമിഷ പ്രിയയുടെ മോചനം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ചാണ്ടി ഉമ്മൻ. കൂടാതെ ഉമ്മൻ ചാണ്ടിയുടെ അവസാനത്തെ ആഗ്രഹമായിരുന്നു നിമിഷ പ്രിയയുടെ മോചനമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായി ഉമ്മൻ ചാണ്ടി കഠിന പരിശ്രമം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം മുസ്ലിയാർ ഉൾപ്പടെ നിരവധി പേർ പ്രവർത്തിക്കുന്നുണ്ട്. ഗവർണറുടെ ഇടപെടലും വളരെ നിർണായകമായിരുന്നു. കൂട്ടായ പരിശ്രമം നിമിഷ പ്രിയയുടെ മോചനത്തിലേക്ക് എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ നാളെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരുന്നത്. എന്നാൽ, ഇന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധശിക്ഷ നിർത്തി വെച്ചിരിക്കുന്നു എന്നാണ് വിധിപകർപ്പിൽ ഉള്ളത്.