ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് നേരിടാനായി ഡയസ്‌നോണ്‍ (Dies non) ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജോലിക്കെത്താത്ത ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാവില്ല. സമരം നടക്കുന്ന ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്നാണ് തടഞ്ഞുവെയ്ക്കുക. രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാലത്ത് ഡയസ്‌നോണ്‍ നടപ്പാക്കിയതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും അതിനെതിരെ അക്രമാസക്ത സമരങ്ങള്‍ നടത്തുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഎം. ഇന്നിപ്പോ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ പണിമുടക്കിനെതിരെ ഡയസ്‌നോണ്‍ നടപ്പാക്കുന്നു എന്ന വിരോധാഭാസവും നിലനില്‍ക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്ക്. ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
എന്താണ് ഡയസ്‌നോണ്‍?
ഡയസ്‌നോണ്‍ എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം – കോടതി നടപടികള്‍ നടക്കാത്ത ദിവസം എന്നാണ്. (a day when courts do not sit or carry on business’.) ഡയസ്‌നോണ്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്- പണിയെടുക്കാത്തവര്‍ക്ക് വേതനമില്ല എന്നാണ്. (No work No pay) പണിമുടക്കില്‍ പങ്കെടുക്കുന്നതിനായി ഒരു ജീവനക്കാരന്‍ അനധികൃതമായി ജോലിക്ക് ഹാജാരാകാതിരുന്നാല്‍, ആ കാലയളവ് ഡയസ്‌നോണ്‍ ആയാണ് പരിഗണിക്കുന്നത്.
സംസ്ഥാനത്ത് ഡയസ്‌നോണ്‍ ആദ്യമായി നടപ്പാക്കിയത് സി അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്താണ്. സിപിഐ, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരിനെതിരെ സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ നിരന്തര അക്രമസമരങ്ങള്‍ നടക്കുന്ന കാലം. 1973 ജനുവരി ഒന്നു മുതല്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ സമരം തുടങ്ങി. ജീവനക്കാരുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി അച്യുതമേനോന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വരുമാനം മുഴുവന്‍ ശമ്പളത്തിനായി ചെലവഴിക്കാനാവില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും രംഗത്തിറങ്ങി.
പണിമുടക്ക് പ്രഖ്യാപിച്ച അന്നു മുതല്‍ ഡയസ്‌നോണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശമ്പളം വാങ്ങി സമരം നടത്തുന്ന പതിവ് സമ്പ്രദായത്തിന് എതിരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പ്രതിപക്ഷത്തേയും സമരക്കാരെയും ഒന്നുപോലെ ഞെട്ടിച്ചു. പണിയെടുക്കാത്തവര്‍ക്ക് വേതനമില്ലാത്ത ഡയസ്‌നോണ്‍ അന്നാണ് കേരളത്തില്‍ ആദ്യമായി നടപ്പാക്കിയത്. പണിയെടുക്കാനെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. അവരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പൗരാവകാശ സമിതി രൂപീകരിച്ച് സമരം ചെയ്യുന്ന ജീവനക്കാരെ പിന്തുണച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി കെ കരുണാകരന്റെ ഔദ്യോഗിക വസതിയായ മന്‍ മോഹന്‍ ബംഗ്ലാവിന് മുന്നില്‍ സമരസമിതിക്കാര്‍ കൂട്ട നിരാഹാരം തുടങ്ങി.
വ്യാപകമായ അക്രമവും ലാത്തിചാര്‍ജും നടന്നു. ഫെബ്രുവരി 21ന് സംസ്ഥാന ബന്ദ് നടത്തി. ബന്ദ് ദിനത്തിലെ അക്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എന്തു വില കൊടുത്തും സമരത്തെ അടിച്ചമര്‍ത്തുമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഒടുവില്‍ ഗതികെട്ട് മാര്‍ച്ച് മൂന്നിന് അല്ലറ ചില്ലറ ആവശ്യങ്ങള്‍ അംഗീകരിച്ചു എന്ന് പറഞ്ഞ് സമരം പിന്‍വലിച്ചു തടിയൂരി. അക്രമ പ്രവര്‍ത്തനം നടത്തിയവരേയും സ്ത്രീകളെ ആക്രമിച്ചവരേയും തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. സിപിഐയോടും മുഖ്യമന്ത്രി അച്യുതമേനോനോടുമുള്ള സിപിഎമ്മിന്റെ ഒടുങ്ങാത്ത പകയുടേയും വിരോധത്തിന്റേയും പേരിലായിരുന്നു അക്കാലത്തെ സമരങ്ങള്‍.
1967- 69 കാലത്ത് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലെ സപ്തകക്ഷി സര്‍ക്കാര്‍ പൊളിച്ച് സിപിഐ പുറത്തു വന്ന് കോണ്‍ഗ്രസുമായി മന്ത്രിസഭ രൂപീകരിച്ചതിന്റെ പകയായിരുന്നു അക്കാലത്തെ എല്ലാ സിപിഎം സ്‌പോണ്‍സേര്‍ഡ് സമരങ്ങളുടേയും പിന്നില്‍. പിന്നീട് ഡയസ് നോണ്‍ എന്നത് കേരള സര്‍വീസ് ചട്ടത്തില്‍ നിന്നും എടുത്തു കളഞ്ഞ ഒരു ഭാഗമായിരുന്നു. എന്നാല്‍ 2002ല്‍ വീണ്ടും ഡയസ്‌നോണ്‍ പുനഃസ്ഥാപിച്ചു. 2022ല്‍ നടന്ന ദേശീയ പണിമുടക്കിന്റെ കാലത്തും പിണറായി സര്‍ക്കാര്‍ ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയിരുന്നു.