ക്ലാസ് നടക്കുന്നതിനിടയിൽ ലോ കോളേജിലെ ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു. പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിലെ ക്ലാസ് മുറിയുടെ സീലിങാണ് നിലംപതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ സീലിങ് ചോരുന്ന വിവരം വിദ്യാർഥികൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്നും നടപടി എടുത്തില്ല എന്നുമാണ് പുറത്തുവരുന്ന വിവരം.
വിദ്യാർഥികളെ ഉടൻ തന്നെ പണി തീർന്ന മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാലാണ് ഈ കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ നടത്താത്തത് എന്നാണ് സംഭവത്തിൽ അധികൃതർ നൽകുന്ന വിശദീകരണം. വിദ്യാർഥികൾ ഇരിക്കുന്നതിന്റെ തൊട്ടുമുമ്പിലേക്കാണ സീലിങ് തകര്‍ന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ വിദ്യാർഥികൾ രക്ഷപെട്ടത്. സീലിങ്ങിന്റെ കൂടുതൽ ഭാഗങ്ങളും ഇത്തരത്തിൽ അപകടകരമായ രീതിയിലാണ് ഉള്ളത്. ഇവ താഴേക്ക് വീഴുമോ എന്ന ഭയത്തിലാണ് വിദ്യാർഥികൾ.