ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായി വി.എസ്. അച്യുതാനന്ദന്‍റെ ഭൗതിക ശരീരം മടക്കയാത്രയില്ലാതെ വേലിക്കകത്ത് വീട്ടിൽ നിന്നും പടിയിറങ്ങി. ഇനി അടുത്തത് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അവസാനമായി അന്ത്യാഭിവാദ്യമർപ്പിക്കാനായി വീട്ടിലേക്ക് ഇരച്ചെത്തിയത്.
തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ ആൾക്കൂട്ടത്തിന്‍റെ ആദരമേറ്റുവാങ്ങി വിഎസിന്‍റെ വിലാപയാത്ര 22 മണിക്കൂർ കൊണ്ടാണ് പുന്നപ്രയിലെ വീട്ടിലേക്ക് എത്തിയത്.
മൂന്നുമണിയോടെയായിരുന്നു വിഎസിന്‍റെ സംസ്കാരം വലിയ ചുടുകാട്ടിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ സമയക്രമങ്ങളെല്ലാ തെറ്റിച്ചു കൊണ്ടായിരുന്നു വിഎസിന്‍റെ അന്തിമ യാത്ര. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഎസ് തിങ്കളാഴ്ച വൈകിട്ട് 3.20 ഓടെയാണ് വിടപറഞ്ഞത്.