
കനത്തമഴയിൽ മൂന്നാറിൽ വൻ മണ്ണിടിച്ചിൽ. ബൊട്ടാണിക്കൽ ഗാർഡന് സമീപം ഇന്നലെ രാത്രി മണ്ണിടിഞ്ഞ് മൂന്നാർ സ്വദേശി മരിച്ച അതേസ്ഥലത്ത് ഇന്ന് വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ബൊട്ടാണിക്കൽ ഗാർഡന് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞത്.
വാഹനത്തിൽ വരികയായിരുന്ന മൂന്നാർ സ്വദേശി ഗണേശൻ മണ്ണിനടിയിൽപ്പെട്ട് മരിച്ചിരുന്നു. ഇതേപ്രദേശത്ത് ഇന്ന് രാവിലെയും ഉച്ചയ്ക്കും മണ്ണിടിച്ചിൽ ഉണ്ടായി. രണ്ടാൾ ഉയരത്തിൽ മണ്ണും കല്ലും റോഡിലേക്ക് വീണു കിടക്കുകയാണ്. ഇവ നീക്കി ഗതാഗതം പുന:സ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.