ഇനി കോണ്‍ഗ്രസ് തോറ്റാല്‍ പിന്നെ കേരളത്തില്‍ പാര്‍ട്ടിയില്ല..കോട്ടയം ജില്ലയിൽ മണ്ഡലം, വാർഡ് കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തിയായിട്ടില്ല.വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡു ഓർ ഡൈ’ പോരാട്ടം


        
വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡു ഓർ ഡൈ’ പോരാട്ടമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് പിന്നെ കേരളത്തിലുണ്ടാകില്ലെന്നും ദീപാ ദാസ് മുൻഷി ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും ഡിസിസി ഭാരവാഹികളും പങ്കെടുത്ത സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിലാണ് ദീപ ദാസ് മുൻഷിയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഡു ഓർ ഡൈ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പ്രവർത്തകരും നേതാക്കളും തിരിച്ചറിയണമെന്നും ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുന്നുണ്ടെങ്കിൽ, 2026-ൽ ഇടതുമുന്നണി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെങ്കിൽ അടിസ്ഥാനകാര്യങ്ങൾ പൂർത്തിയാക്കണമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.

കോട്ടയം ജില്ലയിൽ മണ്ഡലം, വാർഡ് കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തിയായിട്ടില്ല. 76 ശതമാനം വാർഡ് കമ്മിറ്റികൾ മാത്രമാണ് പുനഃസംഘടിപ്പിച്ചത്. ജൂലൈയിൽ തന്നെ ഇത് പൂർത്തിയാക്കണം. കുടുംബയോഗങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല. ഇവിടെ എല്ലാവരും ഉമ്മൻചാണ്ടിയെക്കുറിച്ച് പറയുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് പ്രവർത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് ദീപാ ദാസ് മുൻഷി പറഞ്ഞു.

കേരളത്തിൽ വർധിച്ചുവരുന്ന ലഹരിവിപത്തിനെതിരേ കോൺഗ്രസ് പാർട്ടി മുന്നിട്ടിറങ്ങണം. കേരളത്തിൽ യുവാക്കൾക്ക് ജോലി കിട്ടുന്നില്ല. യുവാക്കൾ ഇവിടം വിട്ടുപോകുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഇവരെ കേരളത്തിൽ നിലനിർത്താൻ കോൺഗ്രസിന് പദ്ധതി വേണം. പുതിയ കേരളത്തെക്കുറിച്ച് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കാഴ്ചപ്പാടും പദ്ധതികളും ജനങ്ങൾക്ക് മുന്നിൽ വെയ്ക്കാൻ കഴിയണമെന്ന് ദീപ ദാസ് മുൻഷി നിർദേശിച്ചു.


        

أحدث أقدم