ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശചെയ്യുന്നു.. കേരളത്തിലും പുറത്തും രണ്ടുനിലപാട്..



രാജ്യത്തെ ക്രൈസ്തവരോടുള്ള ബിജെപിയുടെ സമീപനത്തിൽ ഇരട്ടത്താപ്പെന്ന് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026-ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്ന് പത്രം വിമർശിച്ചു. ഗോവയിലും കേരളത്തിലുമുൾപ്പെടെ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശചെയ്യുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ബിജെപിയുടെ ഇരട്ടത്താപ്പ് നയം അങ്ങേയറ്റം അപമാനകരമാണ്. ക്രൈസ്തവർ നിർണായക ശക്തിയായ കേരളത്തിലും ഗോവയിലുമുൾപ്പെടെ ക്രൈസ്തവർക്കൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുകയും ഉത്തരേന്ത്യയിലും ഒഡിഷ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശക്കാരായി നിലകൊള്ളുകയും ചെയ്യുന്നു. മഹാരാഷ്ട്രയിൽ വൈദികർക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം വാഗ്ദാനം ചെയ്ത ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കർക്കെതിരേയും വിമർശനമുണ്ട്.

വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യുകയാണ് ബിജെപി. രാജ്യത്ത് തീർത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്ത് നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്? കിരാത മതപരിവർത്തന നിയമം കൊണ്ടുവരുന്നത് വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മതപരിവർത്തനം വ്യാപകമായി നടക്കുന്നുവെന്നാണ് ബിജെപി എംഎൽഎമാർ ആരോപിക്കുന്നത്. നിർബന്ധിത മതപരിവർത്തനത്തിന് നിലവിൽത്തന്നെ നിയമങ്ങളുണ്ട്. പള്ളി നിർമാണങ്ങൾ വ്യാപിക്കുന്നുവെന്നും എംഎൽഎമാർ ആരോപിക്കുന്നു. ആറുമാസത്തിനകം അനധികൃത പള്ളികൾ പൊളിച്ചുമാറ്റുമെന്നാണ് മഹാരാഷ്ട്ര റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞത്. അനധികൃതമായി പള്ളികൾ നിർമിക്കുക എന്നത് കത്തോലിക്ക സഭയുടെ അജൻഡയിലുള്ള പ്രവൃത്തിയല്ലെന്നും എഡിറ്റോറിയൽ വ്യക്തമാക്കി.


ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. 2024-ൽ മാത്രം 834 ആക്രമണങ്ങളുണ്ടായി. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014-ൽ ഇത് 127 ആയിരുന്നു. മതപരിവർത്തനം ആരോപിച്ച് നിരവധി എഫ്‌ഐആറുകളും അറസ്റ്റുകളുമുണ്ടായി. ഇത്തരത്തിൽ രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് 2026-ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ വ്യക്തത വരുത്തണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.


Previous Post Next Post