ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി. കുഴിച്ചിട്ടതാവട്ടെ സ്വന്തം വീടിന്റെ ഉള്ളിലും. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലായിരുന്നു ദൃശ്യം മോഡൽ കൊലപാതകം നടന്നത്. വിജയ് ചവാൻ (35) എന്ന യുവാവിനെയാണ് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തായത്. സംഭവത്തിൽ ഭാര്യ കോമൾ (28), യുവതിയുടെ കാമുകനും അയൽവാസിയുമായ മോനു എന്നിവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 15 ദിവസമായി വിജയ് ചവാനെ കാണാനില്ലായിരുന്നു. വിവരം അറിഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ വിജയ്‌യെ അന്വേഷിച്ച് സഹോദരങ്ങൾ ഇവരുടെ വീട്ടിലെത്തി. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെ നളസോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് വിജയ് ചവാനും ഭാര്യ കോമളും താമസിച്ചിരുന്നത്. സഹോദരങ്ങൾ വീട്ടിലെത്തിയ സമയം എന്തൊക്കെയോ അസ്വാഭാവികമായി തോന്നി. തറയിലെ ടൈലുകളിൽ ചില വ്യത്യാസങ്ങൾ ഉടനടി ഇവരുടെ കണ്ണിൽപ്പെട്ടു. ചില ടൈലുകളുടെ നിറം മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിരുന്നു. സംശയം തോന്നിയതിനാൽ വേറിട്ടു നിന്ന ടൈലുകൾ നീക്കം ചെയ്‌തു നോക്കി. ടൈലുകൾക്ക് അടിയിൽ കുഴിച്ചിട്ട നിലയിൽ വസ്ത്രം കണ്ടെത്തി. വീടിനുള്ളിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ സഹോദരങ്ങൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സംഭസ്ഥലത്ത് എത്തുകയും ടൈലുകൾ നീക്കം ചെയ്ത് കുഴിച്ച് നോക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീടിനുള്ളിൽ കുഴിച്ചുമൂടിയ നിലയിൽ വിജയ് ചവാന്‍റെ മൃതദേഹം കണ്ടെത്തി. ഈ സമയം ഭാര്യ കോമള വീട്ടിലുണ്ടായിരുന്നില്ല. അയൽവാസി മോനുവിനെയും രണ്ട് ദിവസമായി കാണാനിലായിരുന്നു. ഇരുവര് അടുപ്പത്തിലായിരുന്നുവെന്നും കൊലപാതകം നടത്തി മുങ്ങുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.