കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസുകള്‍ സിപിഎം സ്പോണ്‍സേർഡ് പരിപാടിയാക്കി മാറ്റിയെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ വിമർശനം. സിപിഐക്ക് ഒരു പരിഗണനയും ഈ പരിപാടികളില്‍ ലഭിച്ചില്ല. മറ്റു ഘടക കക്ഷികള്‍ക്കും രണ്ടാം കിടക്കാരെന്ന പരിഗണനയാണ് ലഭിച്ചത്. നവകേരള സദസുകള്‍ പരാജയമായിരുന്നുവെന്നും പ്രതിനിധികള്‍ വിമർശിച്ചു. ആഭ്യന്തരവകുപ്പും വനം വകുപ്പും ഭരണത്തിന്‍റെ ശോഭ കെടുത്തിയെന്ന് ഒരു പ്രതിനിധി കുറ്റപ്പെടുത്തി.
ആഭ്യന്തരവകുപ്പിന്‍റെ നിലവാരം ശരാശരിക്കും താഴെയാണ്. വന്യമൃഗങ്ങള്‍ തുടർച്ചയായി ആക്രമണം നടത്തുമ്പോള്‍ വകുപ്പ് മന്ത്രി നടത്തുന്ന പ്രസ്താവനകള്‍ സർക്കാറിനെതിരായ ജനവികാരമുണ്ടാക്കുന്നു.
സിപിഐ നന്നായി ഭരിച്ച വകുപ്പാണ് വനംവകുപ്പെന്നും പ്രതിനിധികള്‍ അഭിപ്രാപ്പെട്ടു. സിപിഐ മന്ത്രിമാരുടെ പ്രവർത്തനവും വിമർശിക്കപ്പെട്ടു. കെ. രാജന്‍ ഒഴികെയുള്ളവരുടെ പ്രകടനം മികച്ചതല്ല. തേവലക്കരയില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച ദിവസം മന്ത്രി ചിഞ്ചുറാണി സൂംബ ഡാന്‍സ് കളിച്ചതും ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന നടത്തിയതും വിമർശിക്കപ്പെട്ടു. സിപിഎം മന്ത്രിമാർക്ക് ധാർഷ്ട്യം കൂടുതലാണെന്ന വിമർശനവുമുണ്ടായി. കോതമംഗലത്ത് നടന്ന സമ്മേളനത്തില്‍ എന്‍. അരുണിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.