നാല് വയസുകാരിയെ ഡിജിറ്റൽ ബലാത്സംഗത്തിനിരയാക്കി; സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ



ലഖ്നൗ: നാലു വയസുകാരിയെ ഡിജിറ്റൽ ബലാത്സംഗത്തിനിരയാക്കിയ കേസിൽ സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. കുട്ടിയെ പീഡിപ്പിച്ച മുഹമ്മദ് ആരിഫാണ് പിടിയിലായിരിക്കുന്നത്. സ്കൂളിൽ പരാതി നൽകിയെങ്കിലും അവഗണിച്ചതിനെത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ രണ്ട് സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റ് കാണിച്ച അലംഭാവത്തെക്കുറിച്ച് അന്വേഷിക്കാനാണ് രണ്ടാമത്തെ സംഘം.

കുട്ടി സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് ഡോക്റ്ററെ കാണിച്ചപ്പോഴാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയത്. വിരലോ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് നടത്തുന്ന ലൈംഗിക അതിക്രമമാണ് ഡിജിറ്റൽ ബലാത്സംഗം.

ഡോക്റ്റർ ഇതേക്കുറിച്ച് വ്യക്തമാക്കിയതോടെ പ്രിൻസിപ്പളിന് പരാതി നൽകിയെന്നും എന്നാൽ സ്കൂളിന്‍റെ പ്രതിച്ഛായ സംരക്ഷിക്കാനാണ് അവർ ശ്രമിച്ചതെന്നും കുട്ടിയുടെ അമ്മ പറയുന്നു. പരാതിപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നില്ല. ഇയാൾ സ്കൂളിൽ വച്ച് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ജാതിപരാമർശം നടത്തിയെന്നും കുട്ടിയുടെ അമ്മ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
أحدث أقدم